പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസ്
മലങ്കരയുടെ ചരിത്രപുരുഷന്‍
ഫാ. ഷാജി മാത്യൂസ്, ഡല്‍ഹി
ചരിത്രം ഒരു വിരസവിഷയമായി കരുതുന്നവരാണേറെയും. ചരിത്രം കേവലം ഭൂതകാല സംഭവങ്ങളുടെ രേഖകള്‍ മാത്രമല്ല. വ്യത്യസ്തങ്ങളായ ആശയ സംഘര്‍ഷങ്ങളുടെയും അതിജീവന സമരങ്ങളുടെയും ചൂരും ചൂടും ഉള്‍ക്കൊള്ളുന്നതാണ്. മലങ്കരസഭ പരിശുദ്ധനായ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസിനെ ഓര്‍മ്മിക്കുന്ന നാളുകളില്‍ ഇത് വാസ്തവമാണ്.
യൂറോപ്യന്‍ നവോത്ഥാന വിചാരധാരകളുടെ അലയൊലി കിഴക്കന്‍ നാടുകളിലേക്കെത്തി തുടങ്ങിയത് പതിനെട്ടാം നൂറ്റാണ്ടിലാണ്. വേദഗ്രന്ഥങ്ങളുടെ പരിഭാഷകളും അനാചാരങ്ങളോടുള്ള എതിര്‍പ്പും സ്വത്വബോധവും സ്വതന്ത്രചിന്തയുമെല്ലാം മലയാളക്കരയിലും പല കോണുകളിലും ഉയര്‍ന്നു വന്നു. കുന്നംകുളത്ത് നിന്നെത്തിയ മലബാര്‍ ദേശക്കാരന്‍ ഇട്ടൂപ്പ് റമ്പാന്‍ കേണല്‍ മണ്‍ട്രോയുടെ സഹായത്തോടെ കോട്ടയം മീനച്ചിലാറിന്‍റെ തീരത്ത് ഇംഗ്ലീഷ് വ്യാകരണ പാഠശാല സ്ഥാപിച്ചതോര്‍ക്കുക. വൈദിക വിദ്യാഭ്യാസത്തിന് ഏകീകൃത രൂപഘടനയോടൊപ്പം കായംകുളം റമ്പാന്‍റെ ബൈബിള്‍ പരിഭാഷയും സാധ്യമായതും ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്. ഭരണാധികാരികള്‍ ശിപായി ലഹള എന്നു വിളിച്ച ഭാരതത്തിന്‍റെ പ്രഥമ സ്വാതന്ത്ര്യ വാഞ്ചാ പ്രകടനം 1857 ല്‍ നടന്നതിന്‍റെ അടുത്തവര്‍ഷമാണ് മല്ലപ്പള്ളിയില്‍ പ. മാര്‍ ദീവന്നാസ്യോസിന്‍റെ ജനനം. കോട്ടയം സി.എം.എസ്. ഹൈസ്ക്കൂളിലെ പഠന ശേഷം പ. പത്രോസ് പാത്രിയര്‍ക്കീസ് അദ്ദേഹത്തെ ശെമ്മാശനാക്കി. സെമിനാരി പഠന കാലയളവില്‍ പ. പരുമല തിരുമേനി കഥാപുരുഷന്‍റെ സുറിയാനി അദ്ധ്യാപകനായിരുന്നു. പ. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസിന്‍റെ ആഗമനത്തോടെ മലങ്കരസഭയില്‍ വ്യത്യസ്തമായൊരു ആശയ സമരം ഉടലെടുത്തു. വൈദേശികാധിപത്യത്തിനെതിരായ ഒരു സ്വാതന്ത്ര്യബോധവും ദേശീയ സ്വത്വവിചാരവും പൊതുസമൂഹത്തിലും സഭാ ചിന്താസരണിയിലും രൂപപ്പെട്ടുവന്നു. പ. വട്ടശ്ശേരില്‍ തിരുമേനിയുടെ സഭാപ്രവര്‍ത്തന സമാരംഭം ഈയൊരു പശ്ചാത്തലത്തിലാണ് സംഭവിക്കുന്നത്. ഡോ. സാമുവല്‍ ചന്ദനപ്പള്ളിയുടെ വാക്കുകള്‍ ഇപ്രകാരമാണ്, “മലങ്കരസഭാന്തരീക്ഷത്തില്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ പുലര്‍കാലത്തില്‍ തെളിഞ്ഞ ബഹുമുഖ പ്രതിഭയാണ് വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ. സ്വയം ശീര്‍ഷകത്വവും സ്വയം ഭരണാധികാരവുമുള്ള സ്വതന്ത്രവും തദ്ദേശീയവുമായ സഭയ്ക്കുവേണ്ടി ആത്മീയ അധികാരത്തിന്‍റെ അംശവടി ആയുധമായി സ്വീകരിച്ചുകൊണ്ട് അദ്ദേഹം പോരാടി.” സ്വാതന്ത്രഭാരതസഭ എന്നൊരു വികാരവും വിവേകവുമാണ് അദ്ദേഹത്തെ ഭരിച്ചത്.
മതോപദേശസാരം, സുറിയാനി ഭാഷാ പ്രവേശിക ഒന്നാം ഭാഗം, മലയാളം ആരാധനാ ക്രമങ്ങള്‍ എന്നിങ്ങനെ അടിസ്ഥാനപരമായ ചുവടുവെയ്പ്പുകളോടൊപ്പം ഭരണസംവിധാനത്തിന് ആധാരശില പാകിക്കൊണ്ട് 1934-ലെ ഭരണഘടനയും 1912-ലെ കാതോലിക്കേറ്റ് സ്ഥാപനവും സാധ്യമായതിന്‍റെ പിന്നിലെ കര്‍മ്മകുശലമായ നീക്കങ്ങളും പരിശുദ്ധ പിതാവിന്‍റെ ദീര്‍ഘദര്‍ശനത്തെ വെളിപ്പെടുത്തുന്നു. കേരളം എന്ന സംസ്ഥാനം ജനിക്കുന്നതിനു മുമ്പേ കൊച്ചിക്കാരനായ ഒരു മെത്രാപ്പോലീത്തായെ നിരണത്ത് വെച്ച് പൗരസ്ത്യ കാതോലിക്കായായി വാഴിക്കാന്‍ കളമൊരുക്കിയ ക്രാന്തദര്‍ശിത്വം അതുല്യമാണ്. 1930-കളില്‍ മലങ്കരസഭാ ഭരണഘടനയുടെ നക്കല്‍ തയ്യാറാകുമ്പോള്‍ ഭാരതത്തിലെ സ്വാതന്ത്ര്യസമര സേനാനികള്‍ കേവലം ആഭ്യന്തര ഭരണം മാത്രമേ ബ്രിട്ടീഷ് അധികാരികളില്‍ നിന്നാഗ്രഹിച്ചിരുന്നുവെന്നുള്ളതും നമ്മെ അതിശയിപ്പിക്കുന്നതാണ്.
ദൈവജനത്തെ നയിച്ച് മരുഭൂമിയിലൂടെ പ്രയാണം ചെയ്ത മോശയ്ക്കെതിരായി അവര്‍ പലവട്ടം പിറുപിറുത്തു. അപവാദങ്ങളും ആരോപണങ്ങളും ഉന്നയിച്ചു. പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസിന്‍റെ സഹനപര്‍വ്വങ്ങള്‍ അനേകമാണ്. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസിയോസിന്‍റെയും പ. പരുമല മാര്‍ ഗ്രീഗോറിയോസിന്‍റെയും നവോത്ഥാന പരിശ്രമങ്ങളോടൊപ്പം ചേര്‍ത്ത് നാം വായിക്കേണ്ടതാണ് പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസിന്‍റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളും സ്വതബോധത്തിലൂന്നിയ ആത്മസംഘര്‍ഷങ്ങളും. ഭക്തി പ്രകടനങ്ങളിലൂടെ അതിന്‍റെ ശക്തി ത്യജിക്കാതെ യുക്തിപൂര്‍വ്വം പ. സഭയെ മേയിച്ചു ഭരിച്ച പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ പ്രാര്‍ ത്ഥന നമുക്ക് അനുഗ്രഹത്തിനായിത്തീരട്ടെ.


1 comment
Gr8 visionaries
A big salute & a tribute for the gr8 contributions