വേദവിചാരം
ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ
2020 ഫെബ്രുവരി 16
ആനീദേ (മരിച്ചവരുടെ) ഞായര്‍
വി: ലൂക്കോസ് 12: 32-49
മനുഷ്യ സൃഷ്ടിയില്‍ മരണം കടന്നു വരുന്നതെങ്ങനെ? മരിച്ച് ഇല്ലാതായിട്ടാകുന്നതിനാണോ ദൈവം സൃഷ്ടിനടത്തിയത്? മരണത്തിനു പ്രതിവിധിയുണ്ടോ?
അസാമാന്യമായി, മനുഷ്യബുദ്ധിക്കും യുക്തിക്കും അതീതമായ ചോദ്യങ്ങളാണിവ. എന്തായാലും “ഇല്ലാതായി”പ്പോകുന്നതിന് ദൈവം മനുഷ്യനെ സൃഷ്ടിച്ചില്ല എന്നത് സയുക്തമാണ്. നല്ലതായി, നല്ല ഉദ്ദേശ്യത്തോടെ സൃഷ്ടിനടത്തി. അതിനെ അങ്ങനെ അല്ലാതാക്കിയത് മനുഷ്യനാണ്, സകല നന്മകളുടെയും ശത്രുവായ സാത്താന്‍റെ പ്രേരണയോടെ. അനുസരണരാഹിത്യം തുടങ്ങിയത് മനുഷ്യരിലല്ല, ദൂതന്മാരിലാണെന്നാണ് സൂക്ഷ്മ ജ്ഞാനം പഠിപ്പിക്കുന്നത്. എന്തു സംഭവിക്കുമെന്ന്, തന്‍റെ അനന്ത ജ്ഞാനത്തില്‍ ദൈവം മനസ്സിലാക്കിയതുകൊണ്ടാണല്ലോ, മരണത്തില്‍ നിന്നുള്ള നീക്കുപോക്കുകള്‍ കര്‍ത്താവായ യഹോവയ്ക്കുള്ളവ തന്നെ” (സങ്കീ. 68:20) എന്നു വി. വേദം പഠിപ്പിക്കുന്നത്.
ദാക്ഷിണ്യം കൂടാതെ അനുസരിപ്പിക്കുന്നതിനോ, സ്വേഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നതിനുള്ള സ്വാതന്ത്ര്യം തടയുന്നതിനോ ദൈവം ശ്രമിക്കുന്നില്ല. ഇത് ദൈവസ്വഭാവത്തിന്‍റെ സുന്ദരകാണ്ഠമാണ്. പക്ഷെ തിന്മ ചെയ്യുന്നവന്‍ ‘കര്‍മ്മഫലം’ അനുഭവിച്ച് തീരും എങ്കിലും, അനുതപിച്ചു മാനസാന്തരപ്പെട്ടാല്‍ രക്ഷപെടാന്‍ വഴിതുറക്കുകയും ചെയ്തിട്ടുണ്ട്.
മരണത്തെ മായിച്ചുകളയുന്നതിനും മരണമില്ലായ്മയെ പ്രഖ്യാപിക്കുന്നതിനുമാണ് ദൈവം മനുഷ്യനായി വന്നത്. അവിടെയും തന്‍റെ അനന്തസ്നേഹമാണ് വിജയിക്കുന്നത്. മനുഷ്യന്‍ വിളിച്ചുവരുത്തിയ ‘മരണം’ വരിക്കുന്നതിന് ദൈവപുത്രന്‍ മടിച്ചില്ല. അവിടെ പുനരുത്ഥാനത്തിന്‍റെയും പുതുജീവന്‍റെയും വഴിതുറന്നു. അതാണ് തന്‍റെ പുനരുത്ഥാനത്തിന്‍റെ മര്‍മ്മം.
മണവാളന്‍ വരുവാന്‍ താമസിക്കുമ്പോള്‍ ഉറങ്ങുകയും, അവന്‍ പ്രത്യക്ഷനാകുമ്പോള്‍ എഴുന്നേറ്റ് വിളക്കുതെളിയിച്ച്, തന്നെ എതിരേല്‍ക്കാനുള്ളവരുമാണ് വിശ്വാസികളായ പരേതര്‍. അവിടെയും ഈ സൗജന്യരക്ഷയെ നിരസിക്കുന്നവരുടെ ഓഹരി, പുറത്തെ അന്ധകാരത്തിലായിരിക്കുമെന്നു, കര്‍ത്താവു തന്നെ പറഞ്ഞുതന്നിട്ടുണ്ടല്ലോ. യജമാന്‍, പിതൃസന്നിധിയിലേക്കു കയറിപ്പോയിരിക്കുന്നു. അവിടെ നമുക്കുവേണ്ടി വാസസ്ഥലങ്ങള്‍ (തന്‍റെ നിത്യമദ്ധ്യസ്ഥത മൂലം) ഒരുക്കി തിരികെ വന്ന്, നമ്മെ അവിടേക്കു കൂട്ടിക്കൊണ്ടുപോകാമെന്നാണ് അവിടുന്നു തന്നിരിക്കുന്ന മാറ്റമില്ലാത്ത വാഗ്ദാനം. വേര്‍പാട് ദുഖജന്യമെങ്കിലും, പാപപങ്കിലമായ ഈലോകത്തുനിന്നും നിഷ്ക്രമിച്ച് കര്‍ത്താവിനോടു ചേരുന്നത് “ഭാഗ്യമാണെന്നു വിശ്വസിച്ചാല്‍, മരണം “വിഷമുള്ള്” അല്ലാതാകും. പ. പൗലോസ് ശ്ലീഹായെപ്പോലെയുള്ളവര്‍ ആഗ്രഹിച്ചതും അതുതന്നെ. എങ്കിലും പ്രതീക്ഷിതമോ, അപ്രതീക്ഷിതമോ ആയ മരണം ഒരുതരം ‘ശൂന്യത’ (ലോകപരമായെങ്കിലും) വരുത്തുന്നു എന്നത് വാസ്തവമാണ്. ഇവിടെ ആശ്വാസത്തിന് കര്‍ത്താവിന്‍റെ ജീവനുള്ള വചനങ്ങള്‍ മാത്രമാണാശ്രയം: “എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും”. അതു നമുക്കു വിശ്വസിക്കാം.
നാമും മരിക്കും. അത് ഇതേ പ്രത്യാശയോടെയാകട്ടെ! നമുക്കു വേണ്ടി മരിച്ചുയര്‍ത്ത കര്‍ത്താവ് മരണത്തിന്‍റെ വിഷമുള്ള് പറിച്ചുകളഞ്ഞിരിക്കുന്നു. ഇത് താല്‍ക്കാലിക ഉറക്കം മാത്രം. എങ്കിലും, സമൃദ്ധമായ ജീവന്‍ പ്രാപിക്കാന്‍ മരണത്തിനു മുമ്പുള്ള ജീവിതം സംശുദ്ധമാക്കാന്‍ നമുക്കു ചുമതലയുണ്ട്, കാരണം ‘പാപം ചെയ്യുന്ന ദേഹി മരിക്കും’. ഉയിര്‍ ത്തെഴുന്നേറ്റ് തന്‍റെ രണ്ടാം മഹനീയ പ്രത്യക്ഷതയില്‍, നമ്മെ എതിരേല്‍ക്കത്തക്കവണ്ണം നാമും യോഗ്യരായിരിത്തീരട്ടെ.
തന്‍റെ രണ്ടാം വരവുവരെ ദൈവസാന്നിദ്ധ്യവും സംസാരശക്തിയുമുള്ള പറുദീസയില്‍ വിശ്രമിക്കുവാനും, എല്ലാ ദുരിതങ്ങളും വിസ്മരിക്കുവാനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. നമ്മുടെ പരേതരെ വി. ബലിപീഠത്തില്‍ അനുസ്മരിക്കാം. അവരുടെ സമാധിസ്ഥാനങ്ങളില്‍ പരിമളമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാം.
2020 ഫെബ്രുവരി 23
കൊത്നെ ഞായര്‍
വി. യോഹന്നാന്‍ 2:1-11
തിരശ്ശീലയ്ക്കു പുറത്തേക്ക്, “സ്നേഹത്തോടും സത്യവിശ്വാസത്തോടും കൂടെ” മാറിക്കഴിഞ്ഞിരിക്കുന്ന വൈദികര്‍, വിശ്വാസികള്‍ എന്നിവരെ അനുസ്മരിച്ചും “ശ്ലോമ്മോ” ആശംസിച്ചും, ആശീര്‍വാദം വാങ്ങിയും വലിയ നോമ്പിലേക്കു പ്രവേശിക്കുന്നു. ഈ അനര്‍ഘ ആത്മീയ പ്രയാണത്തിനു മുമ്പുള്ള തയ്യാറെടുപ്പാണിത്. അവരും ശരീരത്തിലായിരുന്നപ്പോള്‍ ഈ വഴിയെ യാത്ര ചെയ്തവരാകയാല്‍, നമുക്കു ദൃഷ്ടാന്തങ്ങളും മാര്‍ഗ്ഗദര്‍ശികളുമാണ്.
നോമ്പും വിവാഹവിരുന്നുമായിട്ട് എന്തു ബന്ധം?
നോമ്പും ഒരു തരം വിരുന്നു തന്നെ. മാലാഖമാരുടെ ഭക്ഷണമായ ‘ഭക്ഷണമില്ലായ്മ’യാണവിടെ ആഘോഷം. മനുഷ്യന്‍ ജീവിക്കാന്‍ അനിവാര്യ ഘടകങ്ങളില്‍ ഒന്നുമാത്രമാണ് ആഹാരം. അതിനെക്കാള്‍ ഗുരുത്വമുള്ളത് ദൈവ വചനമാണെന്ന് കര്‍ത്താവും സാക്ഷിക്കുന്നു. ഭക്ഷണം, ഭൗതിക ജീവന്‍ നിലനിര്‍ത്തുന്നതിനുതകും. അമിത ഭക്ഷണവും ലഹരിയും, രോഗം, അശാന്തി എന്നിവയ്ക്കെല്ലാം കാരണമായിത്തീരുകയും ചെയ്യുമെന്നത് സുവിതിതമാണ്. “നിങ്ങള്‍ ഭക്ഷിക്കുന്നതെന്തോ, അതുതന്നെ നിങ്ങള്‍ ആയിത്തീരും” എന്ന ചൊല്ല് അന്വര്‍ത്ഥമാണ്.
കാനാവിലെ കല്യാണവീട്ടില്‍ വീഞ്ഞു തികയാതെ വന്നത്, അതിഥികളുടെ ആധിക്യം കൊണ്ടോ, വീട്ടുകാരുടെ ദരിദ്രസ്ഥിതികൊണ്ടോ ആവാം. സാധാരണമായി, അങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതാണ്; കാരണം വിശേഷാവസരങ്ങള്‍ വരുമ്പോള്‍ കൂടുതല്‍ ആഹാരപദാര്‍ത്ഥങ്ങള്‍ “കരുതുക”യാണ് പതിവ്.
അങ്ങനെ വലിയനോമ്പ്, അടിയന്തിര ഘട്ടത്തിലെ ഒരു “കുറവി”ന്‍റെ കഥ പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. കുറവു നികത്താതെ വിരുന്നു പുരോഗമിക്കില്ല. കുറവുകള്‍ പരിഹരിക്കപ്പെട്ടേ തീരൂ. എന്തോ, ആ വീട്ടുകാര്‍ക്ക് അതു കഴിഞ്ഞില്ല. പാവങ്ങളാണെങ്കില്‍ പെട്ടെന്ന് എന്തു ചെയ്യും?
കര്‍ത്താവും, മാതാവും ശിഷ്യന്മാരുമെല്ലാം അവിടെ സന്നിഹിതരാണ്. ആവശ്യം ഉന്നയിക്കുന്നതു വീട്ടുകാരല്ല; മദ്ധ്യസ്ഥയായ കന്യകമറിയാമാണ്. ഇത് അത്ഭുതാവഹമാണ്. “ഉച്ചരിച്ചു കൂടാത്ത പദങ്ങളാല്‍” പരിശുദ്ധാത്മാവ് നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. മാതാവും പരിശുദ്ധന്മാരും പ്രാര്‍ത്ഥിക്കുന്നു. ഇതു നാം തിരിച്ചറിയുമ്പോള്‍ കുറവുകള്‍ക്കു പരിഹാരമാകും. വീട്ടുകാര്‍, ‘കുറവി’നു എന്ത് പരിഹാരം തേടി എന്നതു വ്യക്തമല്ല.
മാനസാന്തരത്തിലൂടെ പുതുജീവനിലേക്കു വളരുന്നതിന്‍റെ പ്രഥമപടി കുറവുകള്‍ ഉണ്ടെന്നും, അവ ഏതെല്ലാമാണെന്നുമുള്ള തിരിച്ചറിവാണ്. അക്കാര്യത്തില്‍പ്പോലും വിശുദ്ധ മദ്ധ്യസ്ഥര്‍ നമ്മെ സഹായിക്കുന്നുണ്ട്. മാതാവിന്‍റെ പ്രാര്‍ത്ഥനയ്ക്കു പൊടുന്നനെ മറുപടിയുണ്ടായി. എന്നാല്‍ ശ്രദ്ധേയമായ സംഗതി, അമ്മ മകന്‍റെ മുമ്പില്‍ ഒരു “ഡിമാന്‍റും” വയ്ക്കുന്നില്ല എന്നതു തന്നെ. “അവര്‍ക്കു വീഞ്ഞില്ല” എന്ന് ഉണര്‍ത്തിക്കുകയല്ലാതെ, വീഞ്ഞിന്‍റെ അഭാവം നികത്താന്‍ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെടുന്നില്ല. ആവശ്യങ്ങള്‍ സമര്‍പ്പിക്കുകയല്ലാതെ, “ഇന്ന പരിഹാരം” വേണമെന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കാണവകാശം? വാസ്തവത്തില്‍ ഇതല്ലേ യഥാര്‍ത്ഥമായ പ്രാര്‍ത്ഥന!
ദൈവത്തിന്‍റെ ഇടപെടല്‍ അത്ഭുതാവഹമായിരിക്കും. അതു മനുഷ്യന്‍ ചിന്തിക്കുന്നതുപോലെ ആകണമെന്നില്ല. ഇവിടെ വീട്ടുകാര്‍ക്ക് സമൃദ്ധമായി ലഭിച്ചത് “മേല്‍ത്തരം” വീഞ്ഞായിരുന്നു. അത്രയുമൊന്നും അവര്‍ സ്വപ്നം കണ്ടുകാണുകയില്ല! അത്യാവശ്യക്കാരന്‍റെ ഇല്ലായ്മയില്‍ സഹായിക്കാന്‍ ശ്രമിക്കുന്നിടത്ത് അത്ഭുതം നടക്കുന്നു. പ്രകൃതിയിലെ ധാതുക്കള്‍ക്ക് അതിശയകരമായ പരിണാമം സംഭവിക്കുന്നു!
കര്‍ത്താവിന്‍റെ ഒരു ആജ്ഞയും ദൃഷ്ടിയുമാണ് ഈ ഒന്നാമത്തെ “അടയാളത്തിനു” പിന്നില്‍. ഗബ്രിയേല്‍ മാലാഖയുടെ വാക്കുകള്‍ ഓര്‍ക്കുക; “ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല”. ഗുണവിശേഷങ്ങള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത ജലം വീഞ്ഞായി മാറിയതുപോലെ, നോമ്പിലെ സുകൃതാഭ്യാസങ്ങള്‍ വഴി നമുക്കും ഇത്തരം പരിണാമങ്ങള്‍ക്കായി സ്വയം സമര്‍പ്പിക്കാം! ആവശ്യക്കാരന്‍റെ ആവശ്യങ്ങളില്‍ പങ്കാളികളാകാം!”
2020 മാര്‍ച്ച് 1
ഗര്‍ബോ (കുഷ്ഠരോഗികളുടെ) ഞായര്‍
വി. ലൂക്കോസ് 5:12-16; 4:40-41
സൗഖ്യദായകനായ യേശുവാണ് നമ്മുടെ കണ്‍മുമ്പില്‍. രോഗങ്ങള്‍ ശമിക്കുന്നു; പിശാചുകള്‍ ഓടി അകലുന്നു; അതിശയകരമായ സംഗതികള്‍ നടക്കുന്നു; ദൈവപുത്രന്‍റെ സാന്നിധ്യവും ആജ്ഞയുമാണ് ഇവയ്ക്കെല്ലാം കാരണം. ശിഷ്യന്മാര്‍ യേശുവിനോടു പറഞ്ഞു: എല്ലാവരും നിന്നെ അന്വേഷിക്കുന്നു. ദാരിദ്ര്യവും, രോഗവും, ദുരിതവും അനുഭവിക്കുന്ന ലോകം ദൈവത്തെ അന്വേഷിക്കുന്നു. കര്‍ത്താവിന്‍റെ മറുപടി ആശ്വാസകരമാണ്: “ഇതിനായിട്ടല്ലോ ഞാന്‍ വന്നിരിക്കുന്നത്.” അദ്ദേഹം ജനങ്ങളോടു പ്രസംഗിക്കും; ദൈവരാജ്യത്തെപ്പറ്റി പഠിപ്പിക്കും; രോഗികള്‍ക്ക് ആശ്വാസമരുളും. വാസ്തവത്തില്‍, ഇതൊക്കെത്തന്നെയല്ലേ, യേശുക്രിസ്തു സ്ഥാപിച്ച തന്‍റെ ശരീരമായ തിരുസഭയുടെ തുടര്‍ദൗത്യം?
നന്മചെയ്യാനും, കരുണ തോന്നാനും “മനസ്സാവുക” എന്നതാണ് ഇതിനാധാരം. അവിടുന്നു മനസ്സലിവുള്ളവനായിരുന്നു. നമ്മില്‍ അദ്ദേഹം തേടുന്നതും മനസ്സലിവു തന്നെ. വാക്കുകള്‍ കൊണ്ടും സ്പര്‍ശനം കൊണ്ടും, ചിലപ്പോള്‍ ഭൗതിക വസ്തുക്കള്‍ ഉപയോഗിച്ചും അദ്ദേഹം സൗഖ്യം നല്‍കിയിരുന്നു. ഇതെല്ലാം ദൈവരാജ്യസാന്നിധ്യത്തിന്‍റെ അടയാളമായി അദ്ദേഹവും; ‘അത്ഭുത’ങ്ങളായി മനുഷ്യരും കണ്ടു. ജനങ്ങളുടെ ദുരിതമകറ്റുവാനാണ് യേശു ശ്രദ്ധിച്ചിരുന്നത്. ‘അത്ഭുത’ങ്ങള്‍ പലരെയും വിശ്വാസത്തിലേക്കു നയിച്ചേക്കാം. എന്നാല്‍ അത്ഭുതങ്ങളുടെ അഭാവത്തിലും പുഷ്ക്കലമായി തുടരുന്ന വിശ്വാസത്തിനാണു ശക്തി. കണ്ടു വിശ്വസിക്കുന്നതിനേക്കാള്‍ ശക്തം, കാണാതെ വിശ്വസിക്കുന്നതാണല്ലോ.
എന്നാല്‍ യേശു, സഭയെയും, ദേവാലയത്തെയും, പൗരോഹിത്യ ധര്‍മ്മത്തെയും, ന്യായപ്രമാണത്തെയും നിഷേധിക്കുന്നില്ല. “പുരോഹിതനു നിന്നെത്തന്നെ കാണിക്കുക” എന്നാണു കല്പന. പുരോഹിതനു സൗഖ്യം നല്‍കാന്‍ കഴിഞ്ഞില്ല; ദൈവമാണു സൗഖ്യം നല്‍കുന്നത്. ദൈവം നല്‍കിയ ന്യായപ്രമാണം അങ്ങനെ സഫലമാകുന്നു.
പിശാചുക്കളെ പുറത്താക്കിയശേഷം, ശിഷ്യര്‍ക്കു കര്‍ത്താവു നല്‍കുന്ന പാഠം പ്രത്യേകം പഠിക്കാം; ‘പ്രാര്‍ത്ഥനയും ഉപവാസവും കൊണ്ടല്ലാതെ, ഈ വര്‍ഗ്ഗം പുറത്തുപോവുകയില്ല’. ഇവിടെ നോമ്പിനു മറ്റൊരു അര്‍ത്ഥവും വ്യാഖ്യാനവും കൈവരുന്നു. ‘പൈശാചിക ഉപദ്രവങ്ങള്‍’ എന്നതിന്‍റെ കുടിലതയും വ്യാപ്തിയും ഗ്രഹിച്ചേ പറ്റൂ. വളരെയേറെ ‘സൂക്ഷ്മ’ (ൗയെഹേല) രീതിയിലാണ് പിശാച് മനുഷ്യരെ സ്വാധീനിക്കാന്‍ ശ്രമിക്കുക. പിശാച്, അവന്‍റെ സ്വാഭാവിക രൂപത്തിലും ഭീകരതയിലും ആരെയും സമീപിക്കുകയില്ല. സാമാന്യമായി, ലൗകിക മനുഷ്യര്‍ക്ക് പിശാചിന്‍റെ തന്ത്രങ്ങള്‍ അത്രവേഗം തിരിച്ചറിയാനാവില്ല. പുരാതന കാലത്ത് പ്രാര്‍ത്ഥനയും ഉപവാസവും കൈക്കൊണ്ട ഔഷധങ്ങളായത് അങ്ങനെയാണ്. കര്‍ത്താവു തന്നെ ആചരിച്ച ചര്യകളായിരുന്നു അവ. അവ രണ്ടും മനുഷ്യരെ വിനയമുള്ളവരും ദര്‍ശനമുള്ളവരുമാക്കും. അതുവഴി ആര്‍ജ്ജിക്കുന്ന അപാരമായ ആത്മിക ശക്തിയുടെ മുമ്പില്‍ നില്‍ക്കാന്‍ പിശാചിനാവില്ല.
രോഗം, ചിലപ്പോള്‍, മനുഷ്യരെ ദൈവത്തോടടുപ്പിക്കുന്ന ഒരു നിമിത്തമാകാം. അങ്ങനെയൊരു കാര്യമാണിവിടെയും കാണുന്നത്. എത്ര സഹാനുഭൂതിയോടെയാണ് യേശു രോഗികളോടിടപെടുന്നത്! മൂകനായ ദുരാത്മാവു ബാധിച്ച ചെറുപ്പക്കാരനെ സൗഖ്യമാക്കുന്ന രംഗത്ത്, അവന്‍റെ അച്ഛന്‍ നടത്തുന്ന ഏറ്റുപറച്ചില്‍ ഇങ്ങനെ: “കര്‍ത്താവേ! ഞാന്‍ വിശ്വസിക്കുന്നു; എന്‍റെ അല്പവിശ്വാസത്തെ സഹായിക്കണമെ.” നാമെല്ലാം വിശ്വാസികളാണെന്ന് അഭിമാനിക്കുകയും, അങ്ങനെ വിളിക്കപ്പെടുകയും ചെയ്യുന്നു. എങ്കിലും മിക്ക പേരിലും ദൈവാശ്രയം എന്ന വിശ്വാസം ഉപരിപ്ലവമായി മാത്രം കാണപ്പെടുന്നു. ഈ പ്രാര്‍ത്ഥന നമുക്കും ആവര്‍ത്തിക്കാം.
“എന്‍റെ അല്പ വിശ്വാസത്തെ സഹായിക്കണമെ” (മര്‍ക്കോ. 9:24).
2020 മാര്‍ച്ച് 8
നോമ്പിലെ മൂന്നാം ഞായര്‍ (മ്ശറിയോ)
വി. മര്‍ക്കോസ് 2:1-12
പക്ഷവാതക്കാരനെ സൗഖ്യമാക്കുന്നത്
വലിയ നോമ്പിലെ പരാമൃഷ്ട മനന വിഷയങ്ങളില്‍ രോഗസൗഖ്യം, പൈശാചിക ഉപദ്രവങ്ങളില്‍ നിന്നുള്ള വിടുതല്‍ എന്നിവയ്ക്ക് ഗമ്യമായ ഒരു സ്ഥാനം നല്‍കിയിട്ടുള്ളതായിക്കാണുന്നു. “വീഴ്ച”യ്ക്കു ശേഷം മനുഷ്യരാശിയെ ഗ്രസിച്ചിരിക്കുന്ന മാരകമായ “രോഗങ്ങളെപ്പറ്റി അവബോധം വരുത്തുന്നതാണിത്. സൃഷ്ടികളെക്കുറിച്ചുള്ള ദൈവത്തിന്‍റെ മഹനീയ ഉദ്ദേശ്യങ്ങളെ ഇല്ലാതാക്കാനാണ് ഇരുളിന്‍റെയും തിന്മകളുടെയും മൂര്‍ത്തീഭാവമായ പിശാചിന്‍റെ ശ്രമം. ഇയ്യോബ് എന്ന സാത്വികനെ കഠിനമായി “ബാധിക്കുന്നത്, അദ്ദേഹം ദൈവത്തെ തള്ളിപ്പറയണം എന്ന ലക്ഷ്യത്തോടെയായിരുന്നു എന്ന് വ്യക്തമാണല്ലോ. ഈ കെണിയില്‍ ഇയ്യോബ് വീണില്ല! “ദൈവം സ്നേഹമാണെങ്കില്‍ എന്തേ ഇങ്ങനെ?” എന്നു ചോദിക്കുന്നവര്‍ ചുരുക്കമല്ല! എങ്ങനെയെങ്കിലും, ദൈവത്തെ സംശയിച്ച് തള്ളിപ്പറയാന്‍ തന്നെയാണ് സാത്താന്‍ ശ്രമിക്കുക. ഈ കെണി ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
പലവിധ രോഗപീഡകളാല്‍ വലയുന്ന മനുഷ്യരോട്, അവരുള്‍പ്പെടുന്ന സമൂഹത്തിന് ചുമതലകളുണ്ട്. ഈ ആഴ്ചയിലെ ചിന്താധാരയില്‍ ഈ വിഷയം പരാമര്‍ശിക്കപ്പെടുന്നു. തളര്‍വാത രോഗിയെ ചുമന്നു കൊണ്ടുവരുന്നവരും, ബഥെസ്ദ കുളത്തില്‍, വെള്ളം ഇളകുമ്പോള്‍ ഇറങ്ങാന്‍ രോഗികളെ സഹായിക്കുന്നവരുമെല്ലാം പ്രസ്തുത ഉത്തരവാദിത്തം നിറവേറ്റുന്നവരാണ്. ഈ രണ്ടു സംഭവങ്ങളും വിരല്‍ ചൂണ്ടുന്നത് മനുഷ്യന്‍റെ “സമ്പൂര്‍ണ്ണ സൗഖ്യ”ത്തിലേക്കാണ്. കേവലം ശരീര സൗഖ്യം കൊണ്ട് മനുഷ്യന്‍റെ വല്ലായ്മകള്‍ നീങ്ങുന്നില്ല. ‘പാപരോഗങ്ങള്‍ക്കും’ ‘ശരീരമനസ്സുകളുടെ രോഗങ്ങള്‍ക്കുമെല്ലാം സൗഖ്യം വേണ്ടിയിരിക്കുന്നു. യേശു സൗഖ്യം നല്‍കുമ്പോള്‍ ഇതാണ് സംഭവിക്കുന്നത്. പാത്രങ്ങളുടെ അകം വെടിപ്പാകുമ്പോള്‍ പുറവും വെടിപ്പാകുന്നു എന്ന തത്വത്തിന്‍റെ സാരാംശം ഇങ്ങനെ ഗ്രഹിക്കാം. മുപ്പത്തിയെട്ടുവര്‍ഷം രോഗിയായി കിടപ്പിലായിരുന്നയാളിനെ എഴുന്നേല്പിച്ച് വിട്ടശേഷം പിന്നീട് അവനോട് പറയുന്നതു ശ്രദ്ധിക്കൂ. ‘ഇതാ നീ സൗഖ്യം പ്രാപിച്ചിരിക്കുന്നു. ആദ്യത്തേതിലും കൂടുതല്‍ വല്ല ദോഷവും നിനക്കു ഭവിക്കാതിരിപ്പാന്‍ ഇനി പാപം ചെയ്യരുത്. പാപികള്‍, ശരീരാരോഗ്യത്തോടെ ജീവിച്ചാലും ‘രോഗികള്‍ ‘ തന്നെ! അവന്‍ യേശുവിനെ കണ്ടു നന്ദി പറയാന്‍ വന്നില്ല; “യഹൂദരോട് പറയാ’നായിരുന്നു അവന്‍റെ തീരുമാനം. മിക്കവാറും അവന്‍ അങ്ങനെ തന്നെ പാപിയായി, ‘പാപരോഗി’യായി തുടര്‍ന്നു കാണും. കുഷ്ഠരോഗത്തില്‍ നിന്നു സൗഖ്യം നേടിയ പത്തുപേരില്‍ ഒരാള്‍ മാത്രം നന്ദി പറയാന്‍ മടങ്ങി വന്നത് ഇവിടെ ഓര്‍ക്കാം.
മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന ദൈവം സ്വീകരിക്കുന്നു. അത് ഒരിക്കലും മുടങ്ങാതെ നടക്കണമെന്നുമാത്രമല്ല; ശത്രുമിത്ര ഭേദമെന്യേ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നമുക്കു ചുമതലയുണ്ട്. നമ്മെ സൃഷ്ടിച്ചിരിക്കുന്നതു തന്നെ അതിനായിട്ടല്ലയോ? എന്നാല്‍ ഒന്നുണ്ട് മദ്ധ്യസ്ഥത “ചെയ്യുന്ന”വരും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയണയ്ക്കുന്നവരും സൗഖ്യദായകനില്‍ പൂര്‍ണ്ണമായി വിശ്വാസമുള്ളവരായിരിക്കണം. വിശ്വസിക്കാത്തവരുടെ ഇടയില്‍ ചിലപ്പോള്‍ ദൈവത്തിന് ഒന്നും ചെയ്യാനാവില്ല; കാരണം അവിശ്വാസം ദൈവകൃപയെ തടഞ്ഞുനിര്‍ത്തുന്നതാണ്.
പാപം മോചിക്കാനും, രോഗം ഭേദമാക്കാനുമുള്ള അധികാരവും ശക്തിയും ദൈവത്തില്‍ നിന്നു വരുന്നു. തനിക്കുവേണ്ടി ഈ ശുശ്രൂഷകള്‍ നിര്‍വഹിക്കുവാന്‍ സഭയെ അവിടുന്ന് അധികാരപ്പെടുത്തിയിരിക്കുന്നു. മേല്പ്പറഞ്ഞ രണ്ടു ‘ചികിത്സാമാര്‍ഗ്ഗ’ങ്ങളും സഭയുടെ വി. കൂദാശകളില്‍പ്പെടുന്നു. ഈ കാര്യങ്ങള്‍ നാം നിര്‍വ്വഹിക്കുമ്പോള്‍ നാം ദൈവത്തിന്‍റെ കൂട്ടുവേലക്കാരായി മാറുകയാണല്ലോ.
2020 മാര്‍ച്ച് 15
വലിയ നോമ്പിലെ നാലാം ഞായര്‍
വി. മത്തായി 15:21-31
കനാന്യ സ്ത്രീ
‘അവന്‍ സകലവും നന്നായി ചെയ്യുന്നു’ (മര്‍ക്കോ. 7:37)
യേശുവിനെപ്പറ്റിയുള്ള പൊതുജനസാക്ഷ്യമാണിത്. ചെകിടര്‍ക്കു കേഴ്വിയും, ഊമര്‍ക്കു സംസാരശക്തിയും അന്ധര്‍ക്കു കാഴ്ചശക്തിയും നല്‍കിയും, ദൈവസ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചുംകൊണ്ട് അദ്ദേഹം സഞ്ചരിച്ചുകൊണ്ടിരുന്നു. അസൂയ പൂണ്ട യഹൂദനേതാക്കള്‍ക്ക്, “അവന്‍ ശാബതിനെ ലംഘിച്ചു” എന്നല്ലാതെ ഒന്നും പറയാന്‍ കഴിഞ്ഞില്ല. ഒരു കുറ്റവും അവനില്‍ കാണാനും കഴിഞ്ഞില്ല. യഹൂദമതാചാരങ്ങളുടെ ജീര്‍ണ്ണതയാണ് ഒരു വശത്ത്. ശാബതാചരണം പോലെയുള്ള ആചാരങ്ങളും ന്യായപ്രമാണ വിധിപ്രകാരമുള്ള അനുഷ്ഠാനങ്ങളും തുടര്‍ന്നു പോന്നിരുന്നു എങ്കിലും, സത്യം നീതി, കാരുണ്യം എന്നിവയൊന്നും സല്‍ഫലങ്ങളായി അവരില്‍ നിന്നുണ്ടായില്ല. ഒരു ഘടന നിലനിര്‍ത്തണമെന്നല്ലാതെ മറ്റൊന്നും അവര്‍ ചിന്തിച്ചില്ല; ആ നിഷ്ക്രിയത്തെ ചോദ്യം ചെയ്യുന്നവരെ വകവരുത്താനുള്ള അധികാരവും സന്നാഹങ്ങളും അവര്‍ക്കുണ്ടായിരുന്നല്ലോ.
തന്‍റെ മകളുടെ ഭൂതബാധയകറ്റിക്കിട്ടാന്‍ അപേക്ഷയുമായെത്തിയ ഒരു വീട്ടമ്മ “പുറജാതി”ക്കാരിയായിരുന്നു. കനാന്യര്‍ സങ്കരവര്‍ഗ്ഗമായതിനാല്‍ അവര്‍ക്ക് “തെരഞ്ഞെടുക്കപ്പെട്ട” മാന്യ സമൂഹവുമായി സമ്പര്‍ക്കമുണ്ടായിരുന്നില്ല. ‘സ്വന്തം’ ‘ജാതി’ മഹാത്മ്യത്തെപ്പറ്റി അഭിമാനം കൊള്ളുന്നവര്‍ക്ക് ബാക്കിയെല്ലാരും പുറജാതികളാണ്. എന്നാല്‍ ലോകരക്ഷകന്‍റെ ദൃഷ്ടിയില്‍ അവര്‍ പുറത്തുള്ളവരല്ല, ദൈവമക്കള്‍ തന്നെയാണ്. ‘ശതാധിപനും’ യഹൂദനായിരുന്നില്ല. വാസ്തവത്തില്‍ ‘ദൈവരാജ്യത്തിന്’ അന്യരാകുന്നവരെയല്ല പുറജാതികള്‍ എന്നു വിളിക്കേണ്ടത്. സ്വജാതിയെന്നും അഭിമാനിക്കുകയും, പാപജീവിതത്തില്‍ കഴിയുകയും ചെയ്യുന്നവര്‍ ‘പുറജാതി’കളെക്കാള്‍ കഷ്ടമാണ്. കള്ളന്മാരുടെ ആക്രമണത്തില്‍ സാരമായി മുറിവേറ്റ് വഴിവക്കില്‍ കിടന്ന നിസ്സഹായനായ ‘യഹൂദനെ’ പരിചരിച്ച്, ചികിത്സ നല്‍കി, ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നത് ഒരു ‘പുറജാതി’ക്കാരനാണ്; ശമര്യക്കാരന്‍ (ലൂക്കോ. 10). ആ ശമര്യനെ യഹൂദന്‍റെ “കൂട്ടൂകാരനായി” യേശു ഉയര്‍ത്തിക്കാട്ടുന്നു; ആരെയും അവഗണിക്കാനും, പുച്ഛിക്കാനും, തള്ളിക്കളയാനും ആര്‍ക്കും അവകാശമില്ല. കനാന്യസ്ത്രീയുമായി സംസാരിക്കുന്ന രംഗം വെളിവാക്കുന്ന സത്യവും ഇതുതന്നെ.
‘മക്കള്‍’, ‘പുറജാതി’ എന്ന തരം തിരിവ് ഇവിടെ അസ്തമിക്കുന്നു. ‘മക്കളുടെ’ അതേ അവകാശവും സ്വാതന്ത്ര്യവും പുറജാതിക്കാരിയായ സ്ത്രീക്കും കുടുംബത്തിനും ലഭിച്ചു; കാരണം അവളെയും ‘മകളായി സ്വീകരിച്ചു കഴിഞ്ഞു. കനാന്യ സ്ത്രീയുടെ വിശ്വാസമാണ് ഇതിനു വഴിവന്നത്. അപ്പോള്‍ ആരാണ് മക്കള്‍? ‘വിശ്വാസം’ പാലിക്കുന്നതാണ് ഇവിടെ മാനദണ്ഡം. വലുതായ വിശ്വാസമുണ്ടായിരുന്ന പുറജാതിക്കാരിക്ക്, അവള്‍ ആഗ്രഹിച്ചതെല്ലാം നല്‍കപ്പെട്ടു!
ബധിരനും ഊമനുമായ മനുഷ്യന്‍റെ ‘ലോകം’ എത്ര വിഭിന്നം, അവനു കാഴ്ചശക്തി മാത്രമേ ശേഷിച്ചിട്ടുള്ളു. ആശയവിനിമയം അസാധ്യം. കര്‍ത്താവിന്‍റെ ഇടപെടല്‍ “നെടുവീര്‍പ്പോടെ”യാണ്. ഊനമില്ലാതെ സൃഷ്ടിക്കപ്പെട്ട മനുഷ്യജാതിയില്‍, “ശരീരമാനസിക” ദൗര്‍ബല്യങ്ങള്‍ ഉണ്ടാകുന്നതെങ്ങനെ? പാപമില്ലാതെയിരുന്ന ലോകത്ത് പാപം കടന്നുവന്നതെങ്ങനെ? രണ്ടു ചോദ്യങ്ങള്‍ക്കും ഉത്തരം ഒന്നു തന്നെ. തലമുറ തലമുറയായി മനുഷ്യര്‍ “സൃഷ്ടി”ക്കുന്ന വൈകല്യങ്ങളാണിവിടെ. അതിനുമുമ്പില്‍ വൃണിതഹൃദയനായി നില്‍ക്കുന്ന ദൈവപുത്രനെ ഇവിടെ കാണാം.
നഷ്ടമതാം തന്നുരവം വീ
ണ്ടാദാമിന്‍ ജീര്‍ണ്ണശരീരം
പുതുതാക്കാ-നായ് മൃതലോക
ത്തേക്കല്ലോ, ദൈവമിറങ്ങി
എന്ന ഗാനശകലം നല്‍കുന്ന സൂചന വ്യക്തമാണ്. രോഗഗ്രസ്തവും മരണാധീനവുമായിത്തീര്‍ന്ന തന്‍റെ സ്വരൂപ സാദൃശ്യങ്ങളെ “വീണ്ടെടുക്കാനാണ് അവിടുന്നു വന്നത്. തന്‍റെ സൃഷ്ടിയുടെ ഈ ദുസ്ഥിതി അവിടുത്തേക്ക് അസഹനീയം തന്നെ. മക്കള്‍ക്ക് അപ്പവും, മറ്റുപല വിശിഷ്ട സാധനങ്ങളും നല്‍കുമ്പോള്‍ ഓര്‍ക്കുക, മേശകളില്‍ നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ പെറുക്കിയെടുക്കാന്‍ വെമ്പല്‍ കൊള്ളുന്ന “പുറജാതി”കളെ!

