ശാന്തപഥം
യാക്കോബ് മാര്‍ ഏലിയാസ്
ആര്‍ഷഭാരത ചരിത്രത്തിന്‍റെ കാലഗണനയില്‍ 14 മന്വന്തരങ്ങളിലെ വൈവസ്വത മന്വന്തരത്തില്‍ ‘മനുസ്മൃതി’യിലെ ഒരു ശ്ലോകം കുറിച്ചി ബാവാ എന്നറിയപ്പെടുന്ന ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായെക്കുറിച്ചും അന്വര്‍ത്ഥമാണ്.
“ആരുടെ മനസ്സാണോ, ഹൃദയമാണോ സച്ചിതാനന്ദമാകുന്ന സാഗരത്തില്‍ അഥവാ ദൈവീക സ്മരണയില്‍ നിമഗ്നമായിരിക്കുന്നത് അഥവാ താദാത്മ്യം പ്രാപിച്ചിരിക്കുന്നത് അയാളുടെ കുലം (ജനിച്ചവംശം) പവിത്രമാണ്. അയാളെ പ്രസവിച്ച അമ്മ ധന്യയാണ് (കൃതഹസ്തയാണ്). ജനിച്ച സ്ഥലം പുണ്യദേശമണ്. ഏതൊരു പുണ്യവാനെക്കുറിച്ചും ഇത് ചേര്‍ത്തു ചിന്തിക്കാവുന്നതാണ്”.
ജീവിതത്തില്‍ ഒറ്റപ്രാവശ്യമേ ബലഹീനനായ എനിക്ക് പരിശുദ്ധ ജീവിതംകൊണ്ട് ഭാഗ്യസ്മരണാര്‍ഹനായ ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവാതിരുമേനിയെ കാണുവാന്‍ ഇടയായിട്ടുള്ളൂ. ആ പുണ്യവാന്‍റെ ജീവിതാന്ത്യത്തോട് അടുപ്പിച്ച് 1964-ല്‍ എന്‍റെ സഹോദരന്‍ വി.എം. ജോയിയോടു കൂടെയാണ്. അന്ന് എനിക്ക് 13 വയസ്സ് മാത്രം പ്രായമുണ്ടായിരുന്നുള്ളൂ. അന്നത്തെ കാഴ്ചയും അദ്ദേഹത്തെക്കുറിച്ചുള്ള കേഴ്വിയും പിന്നീടുണ്ടായ കേട്ടുകേഴ്വികളും മനസ്സില്‍ ബഹുമാനവും ഭക്തിയും ആദരവും വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. ഏറ്റവും കൂടുതല്‍ കേട്ടുകൊണ്ടിരുന്നത് അദ്ദേഹത്തിന്‍റെ അരുമശിഷ്യനായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ മാത്യൂസ് മാര്‍ കൂറിലോസ് തിരുമേനി (മാത്യൂസ് ദ്വിതീയന്‍ ബാവാതിരുമേനി)യില്‍നിന്നുതന്നെയാണ്. 16-ാം വയസ്സുമുതല്‍ 36 വര്‍ഷം മാത്യൂസ് ദ്വിതീയന്‍ ബാവാതിരുമേനിയുമായുള്ള വാസത്തില്‍നിന്നും സംസര്‍ഗ്ഗത്തില്‍നിന്നും കേട്ടതും മനസ്സിലാക്കിയതുമായ കാര്യങ്ങളില്‍ നിന്ന് ‘കുറിച്ചി ബാവാ’യെക്കുറിച്ച്, ദൈവത്തില്‍ ശരണപ്പെട്ടുകൊണ്ടും അദ്ദേഹത്തിന്‍റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ടുകൊണ്ടുമാണ് എഴുതുവാന്‍ ശ്രമിക്കുന്നത്.
1934 ആരംഭം മുതല്‍ 1964 അവസാനം വരെയുള്ള കാലഘട്ടത്തില്‍ മലങ്കരസഭയുടെ അത്യുന്നത ശുശ്രൂഷകനായി, ശ്രേഷ്ഠ മഹാഇടയനായി, പരിശുദ്ധ പിതാവായി ദൈവത്താല്‍ നിയോഗിക്കപ്പെട്ട മഹാപരിശുദ്ധനായിരുന്നു അദ്ദേഹം. മലങ്കര നസ്രാണി ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വല സൂര്യനായ വട്ടശ്ശേരില്‍ മാര്‍ ദിവന്ന്യാസോസ് തിരുമേനിയുടെ കാലശേഷം മലങ്കര സഭയുടെ മഹാശ്രേഷ്ഠ ഇടയനായി തെരഞ്ഞെടുക്കപ്പെട്ട ഋഷിവരിഷ്ഠന്‍, വട്ടശ്ശേരില്‍ മാര്‍ ദിവന്ന്യാസ്യോസ് തിരുമേനിയെപ്പോലെ വമ്പനും പ്രബലനുമായി അദ്ദേഹം അറിയപ്പെട്ടിരുന്നില്ല. വമ്പനായ മാര്‍ ദിവന്ന്യാസിയോസിന്‍റെ പിമ്പെ വന്നവന്‍ എന്ന നിലയില്‍ ഉണ്ടായ പ്രതികൂലത്തെ മറികടക്കുന്നതിന് അദ്ദേഹത്തിനെ ദൈവം തന്‍റെ മഹാകൃപയാല്‍ സംഗതിയാക്കി.
ദൈവകൃപയുടെ അതുല്യതയും അത്യാവശ്യകതയും തിരുമേനി മനസ്സിലാക്കി ജീവിച്ചു. ‘എല്ലാം ഉണ്ടായാലും ദൈവകൃപ ഇല്ലെങ്കില്‍ ഒന്നുമില്ല; ഒന്നുമില്ല എങ്കിലും ദൈവകൃപ ഉണ്ടെങ്കില്‍ മതി.
‘Everything minus the Grace of God is equel to nothing; Nothing plus the Grace of God is equal to everything’
നമ്മുടെ കര്‍ത്താവ് പൗലോസ് ശ്ലീഹയോടു കല്പിച്ചത് എന്‍റെ കൃപ നിനക്കുമതി, എന്‍റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു’ എന്നാണ്. (2 കൊരീന്ത്യര്‍ 12:9) അതുകൊണ്ട് ക്രിസ്തുവിന്‍റെ ശക്തി എന്‍റെമേല്‍ ആവസിക്കേണ്ടതിന് ഞാന്‍ അതി സന്തോഷത്തോടെ എന്‍റെ ബലഹീനതകളില്‍ പ്രശംസിക്കും. ഈ ചിന്തയും മനോഭാവവും കുറിച്ചി ബാവയേയും വിനയാന്വിതനും സൗമ്യനും എന്നാല്‍ ശക്തിമാനും ഗാംഭീര്യവും ബലവുമുള്ളവനാക്കിത്തീര്‍ത്തു. സൗമ്യത ബലഹീനതയല്ല എന്ന് അദ്ദേഹം മനസ്സിലാക്കി ജീവിച്ചു. നമ്മുടെ കര്‍ത്താവ് താഴ്മയും സൗമ്യതയും ഉള്ളവനായിരുന്നു എന്നുള്ള ബോധവും അദ്ദേഹത്തില്‍ ഉറച്ചിരുന്നു. (വി. മത്തായി 11: 29) അങ്ങനെ അദ്ദേഹം പ്രതികൂലതകളുടെയും പ്രശ്നങ്ങളുടെയും നടുവില്‍ പതറാതെയും കുലുങ്ങാതെയും കര്‍ത്താവില്‍ നിന്നുള്ള ആശ്വാസവും സമാധാനവും കണ്ടെത്തി സഭാനൗകയെ ഉലയാതെ നിയന്ത്രിച്ചുകൊണ്ടിരുന്നു. നമ്മുടെ കര്‍ത്താവ് തന്‍റെ മനുഷ്യാവതാര കാലത്തു തന്‍റെ ദൈവത്വത്തെ വിനയത്തില്‍പൊതിഞ്ഞാണ് ജീവിച്ചത്. മനുഷ്യനായി ദാസരൂപം പ്രാപിച്ചു, (ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായി) ജീവിച്ചതും ദൈവത്വത്തെ വിനയത്തില്‍ പൊതിഞ്ഞുകൊണ്ടായിരുന്നു. അതുകൊണ്ടാണ് തന്‍റെ താഴ്മക്കു സ്തുതി എന്നു നാം പ്രാര്‍ത്ഥനയില്‍ പാടിസ്തുതിക്കുന്നത്. പ്രത്യേകിച്ചു കഷ്ടാനുഭവ ആഴ്ചയിലെ പ്രാര്‍ത്ഥനകളില്‍. പുറമെ ഗാംഭീര്യമുള്ളവനായി കാണപ്പെട്ടു എങ്കിലും തിരുമേനി അതീവ താഴ്മയുള്ളവനായിരുന്നു, സൗമ്യതയുള്ളവനായിരുന്നു. ദൈവീകതയുടെ മേലങ്കിയായി ധരിക്കേണ്ടത് താഴ്മയാണ് എന്നു പിതാക്കന്മാര്‍ പഠിപ്പിക്കുന്നുമുണ്ട്. ‘Humility is the robe of Divinity’ എന്ന് സിറിയായിലെ വി. ഇസഹാക്ക് പ്രത്യേകം പഠിപ്പിച്ചിരുന്നു.
സൗമ്യനും വിനീതനുമായ തിരുമേനി പലപ്പോഴും കോപിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുമായിരുന്നു. പ്രത്യേകിച്ച് ആരാധനയിലെ അലസത കാണുമ്പോള്‍ അദ്ദേഹം കോപിച്ചിരുന്നു – ‘അലസതലേശം ബാധിച്ചാല്‍ അശുഭ വഴിക്കു വശംവദമാകും’- അങ്ങനെ ആത്മനാശം സഭവിക്കും എന്നുള്ളതുകൊണ്ടാണ് കോപിതനായി കാണപ്പെട്ടത്. ‘പാപം ചെയ്യാതിരിപ്പാന്‍ കോപിപ്പീന്‍” എന്നുള്ള സങ്കീര്‍ത്തനവചനം അദ്ദേഹം മനസ്സില്‍ ഉറപ്പിച്ചിരുന്നു. ഈ കോപം തന്‍റെ കൂടെയുള്ളവരോടല്ലായിരുന്നു. അവരില്‍ പ്രവേശിച്ച സാത്താനോടായിരുന്നു എന്നുള്ളത് അപ്പോള്‍ അധികം ആരും മനസ്സിലാക്കിയിരുന്നില്ല. പത്രോസ് ശ്ലീഹായുടെ തെറ്റായ ആലോചന സാത്താന്‍റേതാണ് എന്നു ബോദ്ധ്യമായ കര്‍ത്താവ് പത്രോസ് ശ്ലീഹായോടു ‘സാത്താനെ നീ എന്നെ വിട്ടുപോ’ എന്നു കല്പിച്ചുവല്ലോ. ആരാധനയ്ക്കുശേഷം ആരെ ശാസിച്ചുവോ അവരെ വിളിച്ചു തന്‍റെ പിതൃസ്നേഹവും വാത്സല്യവും കൂടുതലായി കാണിച്ചിരുന്നു. ശാസിക്കുവാനും ശിക്ഷിക്കുവാനും യോഗ്യനാകുവാന്‍ തക്കവണ്ണം മാതൃകാപരമായി ജീവിക്കുവാന്‍ തിരുമേനി അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു. ദൈവം നമ്മെ ശാസിക്കുന്നതും ശിക്ഷിക്കുന്നതും നമ്മുടെ വിശുദ്ധിക്കും നന്മയ്ക്കും ആണ് എന്ന തിരുവചനം നമ്മെ പഠിപ്പിക്കുന്നുണ്ടല്ലോ. (എബ്രാ യര്‍ 12: 5-11).
ആരാധനയുടെ മഹത്വവും ദിവ്യത്വവും ദര്‍ശിച്ച മഹത്വവാനായിരുന്നു പരിശുദ്ധ പിതാവ്. ഏശായ ദീര്‍ഘദര്‍ശി മഹത്വവാനായത് ദൈവത്തിന്‍റെ മഹത്വം ദര്‍ശിച്ചാണല്ലോ. (യെശ്ശയ്യ 6: 1-5). ആരാധനയുടെ മഹത്വവും ദിവ്യത്വവും ദര്‍ശിക്കണമെങ്കില്‍ അത്രമാത്രം ഒരുക്കവും ത്രികരണ ശുദ്ധിയും ഉണ്ടായിരിക്കണം. കാര്‍മ്മികന്‍ വിശുദ്ധബലി അര്‍പ്പിക്കുവാന്‍ പോകേണ്ടത് ‘ജ്ഞാന ത്തോടും ഭക്തിയോടും ആത്മീയ ഒരുക്കത്തോടും വെടിപ്പോടും വിശുദ്ധിയോടും കൂടിയാണ് എന്നുള്ള ബോദ്ധ്യം അദ്ദേഹത്തിനു സദാ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. തന്‍റെ ശിഷ്യരെ തക്സാ പഠിപ്പിക്കുമ്പോള്‍ അത് പ്രത്യേകം പഠിപ്പിച്ചിരുന്നു. ഈ ബോധം ഇന്നത്തെ കാര്‍മ്മികരിലും സംബന്ധികളിലും വര്‍ദ്ധിച്ചുവരുവാന്‍ പരിശുദ്ധ പിതാവിന്‍റെ ജീവിതവും മാതൃകയും സഹായകമായിത്തീരണം.
വിശുദ്ധ ജീവിതം നേരിയതില്‍ പൊതിഞ്ഞ അഗ്നിക്കട്ടപോലെയാണ് എന്ന് ആവര്‍ത്തിച്ചു പഠിപ്പിച്ചു. പട്ടംകൊട വേളയില്‍ ആമുഖ പ്രസംഗത്തില്‍ എടുത്തു പറയുകയും ചെയ്തിരുന്നു. വിശുദ്ധിയോടെ ജീവിച്ചാല്‍ അത് പ്രകാശിക്കും. അശുദ്ധിയില്‍ ജീവിച്ചാല്‍ അത് ദഹിപ്പിക്കും. ഏതൊരു കര്‍മ്മവും കാര്യവും ചെയ്യേണ്ട വിധത്തില്‍ ചെയ്താല്‍ ഗുണവും അല്ലെങ്കില്‍ ദോഷവുമാകുമെന്നു ഓര്‍മ്മിപ്പിച്ചിരുന്നു. വി. കുര്‍ബാനയിലും ഇതുതന്നെ ഓര്‍മ്മിപ്പിക്കുന്നുണ്ടല്ലോ. ഇതു ഞങ്ങള്‍ക്ക് ശിക്ഷയ്ക്കോ പ്രതികാരത്തിനോ ആയിത്തീരരുതെ. എന്നാലോ ജീവനും രക്ഷയ്ക്കും പര്യാപ്തമായിത്തീരണമെ. വിശുദ്ധിയുടെ പ്രകാശത്തില്‍ ജീവിക്കുമ്പോഴാണ് അതിന്‍റെ തേജസ്സിന്‍റെ കിരണം അനുഭവവേദ്യമാകുന്നതും തേജസ്കരണത്തിലേക്കു ആനയിക്കപ്പെടുന്നതും.
ദൈവരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍റെ ജീവിതലക്ഷ്യം തന്നെ ദൈവത്തെപ്പോലെ ആകുക എന്നതാണ്. എല്ലാ അനുഷ്ഠാനങ്ങളും ആചാരങ്ങളും ആ ലക്ഷ്യത്തിലെത്താനുള്ളതാണ്. ആ ലക്ഷ്യത്തിലെത്തിച്ചേരാന്‍ സത്യവിശ്വാസത്തില്‍ സ്ഥിരതയും കഷ്ടങ്ങളില്‍ ധീരതയും കാത്തുസൂക്ഷിക്കണം. (അപ്പോ. പ്ര.14:ڈ22). പ്രശ്നങ്ങളാലും പ്രയാസങ്ങളാലും കലുഷിതമായ അന്തരീക്ഷത്തില്‍ അതുളവാക്കാന്‍ കാരണമായ സാത്താനേയും ദുഷ്ടശക്തിയേയും മറ്റും അദ്ദേഹം നേരിട്ടത് പ്രാര്‍ത്ഥനകൊണ്ടും ഉപവാസംകൊണ്ടും ധന്യമായ ധ്യാനജീവിതംകൊണ്ടുമാണ്. രഹസ്യപ്രാര്‍ത്ഥനകള്‍, യാമപ്രാര്‍ത്ഥനകള്‍, ഹാര്‍ദ്ദവപ്രാര്‍ത്ഥനകള്‍, നിമിഷപ്രാര്‍ത്ഥനകള്‍ ഇവയുടെയെല്ലാം നിരന്തരവും നിത്യവുമുള്ള പാലനം അദ്ദേഹത്തിന്‍റെ രഹസ്യജീവിതത്തെ ശക്തീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്തു. ഉപവാസത്തിലൂടെയും നോമ്പനുഷ്ഠാനങ്ങളിലൂടെയും സാത്താനെയും അവന്‍റെ പ്രലോഭനങ്ങളേയും നേരിടുവാനും തോല്പിക്കുവാനുമുള്ള ശക്തി ദൈവത്തില്‍ നിന്നും ആര്‍ജിച്ചിരുന്നു. ജഢാഭിലാഷങ്ങളോടുള്ള പോരാട്ടം സാത്താനോടൂള്ള പോരാട്ടവുമായി കരുതി എത്ര പ്രായമായാലും മാംസവും രക്തവുമുള്ളിട ത്തോളം പരീക്ഷകന്‍റെ പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ വാര്‍ദ്ധക്യത്തിലും പ്രത്യേകം സൂക്ഷിക്കണമെന്ന് തിരുമേനി കൂടെയുള്ളവരോടു കല്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വി. കുര്‍ബ്ബാനയനുഭവിക്കുന്നവര്‍ വൃദ്ധരാണെങ്കിലും ചൊല്ലുന്നത് ദുര്‍മോഹങ്ങള്‍ മാഞ്ഞുപോവുകയും ദൂര്‍വികാരങ്ങള്‍ ശമിക്കുകയും ചെയ്യണമെ എന്നാണ്. ഒരു വിവാഹം മൂന്നു നോമ്പിന്‍റെ ഞായറാഴ്ച നടത്താന്‍ അനുവദിച്ചാല്‍ ആ ദമ്പതികള്‍ മൂന്നു നോമ്പു വീടിയതിനുശേഷമേ വിവാഹത്തിലേക്കു പ്രവേശിക്കയുള്ളു എന്ന് അഭിവന്ദ്യ കൂറിലോസു തിരുമേനി ശുപാര്‍ശചെയ്തപ്പോള്‍ എടോ മെത്രാച്ചാ, തനിക്ക് ഒന്നും അറിഞ്ഞുകൂടാ ഈ കാര്യം എന്നു പറഞ്ഞ് അനുവദിക്കാതിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്.
സന്ന്യാസജീവിതത്തിന്‍റെ 82 ആസനങ്ങളില്‍ സന്ന്യാസി ഇരിക്കേണ്ട ഭദ്രാസനത്തിലും അതിലുപരി സിംഹാസനത്തിലും അദ്ദേഹം ഇരുന്ന് സന്ന്യാസി വര്യനും വരിഷ്ഠനുമായി ജീവിച്ച് സമാധിയായി കാലം ചെയ്തു. ദൈവീകകാര്യങ്ങള്‍ പഠിച്ചെടുക്കുന്നതിലുപരി പിടിച്ചെടുക്കേണ്ടതാണ് എന്ന് അദ്ദേഹം ശിഷ്യന്മാരെ പഠിപ്പിച്ചു “ഉശ്ശില വേശിഴെ മൃല ിീേ ീേ യല മേൗഴവേ യൗേ ീേ യല രമൗഴവ”േ. ഇതു കൂടെ കുടെ അദ്ദേഹത്തിന്‍റെ ശിഷ്യനും പിന്നീട് പിന്‍ഗാമികളിലൊരുവനുമായ ഭാഗ്യസ്മരണാര്‍ഹനായ മാത്യൂസ് ദ്വീതിയന്‍ ബാവാ തിരുമേനിയും ആവര്‍ ത്തിച്ച് ഉറപ്പിച്ച് പഠിപ്പിക്കുമായിരുന്നു. ദൈവീകതയുള്ളവരെ തിരിച്ചറിഞ്ഞ് അവരെ സന്ന്യാസത്തിലേക്കും വൈദീക സ്ഥാനത്തേക്കും വിളിച്ച് അടുപ്പിക്കാ നുള്ള ദൈവീക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അവരുടെയെല്ലാം ശുശ്രൂഷകള്‍ പരിശുദ്ധസഭയുടെ ഭിത്തിയെ ബലപ്പെടുത്തിയിട്ടുമുണ്ട്.
ബലഹീനനാണ് എന്ന് അവകാശപ്പെട്ട അദ്ദേഹത്തെ മോശയെപ്പോലെ സഭയെ നയിക്കുവാന്‍ ദൈവം ശക്തനാക്കി. ഏലിയാവിന്‍റെ ഇരട്ടി ശക്തിയും മദ്ധ്യസ്ഥതയും ലഭിച്ച് പരിശുദ്ധസഭയെ 1958 മുതല്‍ 1964 വരെ സമാധാനത്തിലും സ്നേഹത്തിലും ഐക്യത്തിലും നയിക്കുവാനുള്ള മഹാഭാഗ്യവും പ. പിതാവിന് ദൈവം നല്‍കി.

