പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ:
ശാശ്വതസമാധാനത്തിന്‍റെ പ്രവാചകന്‍
ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ്
മലങ്കരസഭയുടെ മൂന്നാം കാതോലിക്കാ പ. ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ തിരുമേനിയുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി വര്‍ഷമാണ് 2019. ഏ.ഡി. 1929-ല്‍ പൗരസ്ത്യ കാതോലിക്കാ എന്ന നിലയില്‍ പ. സഭയുടെ അമരക്കാരനായി 1964 വരെയുള്ള കാലഘട്ടത്തില്‍ സഭാ നൗകയെ നയിച്ച തികഞ്ഞ സ്വാതികനായ പ. പിതാവിന്‍റെ നാമം ഉരുവിടുന്നതുപോലും സത്യവിശ്വാസികള്‍ക്കു ദൈവഭയത്തോടെയുള്ള ആഘോഷമാണ്. വലിയബാവായെന്നും കുറിച്ചി ബാവായെന്നും കല്ലാശ്ശേരി ബാവായെന്നും കുണ്ടറ തിരുമേനിയെന്നും ഒക്കെ വിശ്വാസികള്‍ ഹൃദയത്തോടു ചേര്‍ത്തുവച്ചു വിളിക്കുന്ന നാമമാണ് പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ. അസാധാരണമായ ആത്മീയ വിശുദ്ധിയുടെ സൗന്ദര്യവും ദിവ്യപ്രകാശവും ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച മഹായോഗിയായ ഈ പിതാവ് എല്ലായ്പ്പോഴും സഭാമക്കളുടെ ഹൃദയങ്ങളില്‍ തിളങ്ങുന്ന നക്ഷത്രമാണ്. പതിനാറു വര്‍ഷം മെത്രാപ്പോലീത്തായായും നീണ്ട മുപ്പത്തിനാലു വര്‍ഷങ്ങള്‍ പൗരസ്ത്യ കാതോലിക്കായായും പ. വട്ടശ്ശേരില്‍ തിരുമേനിയുടെ ദേഹവിയോഗ ശേഷം ഏകദേശം മുപ്പതു വര്‍ഷങ്ങള്‍ മലങ്കര മെത്രാപ്പോലീത്തായായും പരിശോഭിച്ച പ. പിതാവിനെ വിശ്വാസികള്‍ ആധുനിക മലങ്കരസഭയുടെ പ്രധാന ശില്പി എന്നാണ് വിളിക്കുന്നത്.
കുണ്ടറയുടെ സ്വന്തം: 1912 സെപ്റ്റംബര്‍ 10-ന് പരുമലയില്‍ വച്ച് ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് എന്ന നാമം സ്വീകരിച്ച് മെത്രാപ്പോലീത്തയായ തിരുമേനി കുണ്ടറ വലിയപള്ളി മേടയില്‍ താമസിച്ചുകൊണ്ടു കൊല്ലം-നിരണം-തുമ്പമണ്‍ മെത്രാസനങ്ങളുടെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1914-ല്‍ കുണ്ടറപ്പള്ളിയില്‍ നിന്ന് വളരെ അകലെ അല്ലാതെ ഒരു വസ്തു വാങ്ങുകയും ആ വസ്തുവില്‍ ഒരു സെമിനാരിയും ചാപ്പലും സ്ഥാപിക്കുകയും ചെയ്തു. ഇംഗ്ലീഷ് വിദ്യാഭ്യാസം വേണ്ടവണ്ണം പ്രചരിച്ചിട്ടില്ലാതിരുന്ന കുണ്ടറയില്‍ സെമിനാരിയോടു ചേര്‍ന്നു തന്‍റെ ഗുരുവായ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ നാമത്തില്‍ എം.ജി.ഡി. സ്ക്കൂള്‍ സ്ഥാപിച്ചു (1916). ടി സ്ക്കൂള്‍ ഇപ്പോള്‍ വളര്‍ന്ന് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി പ്രത്യേകമായി തിരിച്ച രണ്ടു ഹയര്‍ സെക്കണ്ടറി സ്ക്കൂളുകളായി നാനാജാതി മതത്തിലും പെട്ട ദേശനിവാസികള്‍ക്ക് വിജ്ഞാനം പകര്‍ന്നു നല്‍കുന്നു. ഈ ലേഖകനും ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാലയമാണത്.
കുണ്ടറ ദേശത്തുള്ള വിശ്വാസികളുടെ ആദ്ധ്യാത്മികാഭിവൃദ്ധിക്കും വിശ്വാസ സ്ഥിരതയ്ക്കും വേണ്ടി സുവിശേഷമഹായോഗങ്ങള്‍, സണ്ടേസ്ക്കൂളുകള്‍, യുവജനസംഘങ്ങള്‍, ബൈബിള്‍ ക്ലാസുകള്‍, പ്രാര്‍ത്ഥനായോഗങ്ങള്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ സംഘടിപ്പിക്കുകയും അവയുടെ നിലനില്‍പ്പിനുവേണ്ടി തിരുമേനി സുശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അവശസമൂഹത്തില്‍പ്പെട്ടവരെ സമുദ്ധരിക്കുന്നതിലും അതീവശ്രദ്ധാലുവായിരുന്നു. തിരുമേനിയുടെ സഹായംകൊണ്ട് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പലരും അവരുടെ തലമുറകളും അദ്ദേഹത്തെ അതീവ ഭക്തിയോടെയാണ് ഇപ്പോഴും സ്വീകരിച്ചിരിക്കുന്നത്. അങ്ങനെയുള്ള ചിലര്‍ ഭക്തര്‍ ഈ ലേഖകന്‍ മെത്രാപ്പോലീത്തായായി മാറിയപ്പോള്‍ പ. ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവായുടെ സ്മരണയില്‍ ഒരു സ്ഥാപനം കുണ്ടറയില്‍ ഉണ്ടാകണമെന്നു നിര്‍ബന്ധിച്ചതിന്‍റെ വെളിച്ചത്തിലാണ് ഇപ്പോള്‍ കുണ്ടറയിലുള്ള ബസ്സീലിയാ ഓര്‍ത്തഡോക്സ് സെന്‍റര്‍ സ്ഥാപിതമായത്. ഒരു നല്ല ചാപ്പലും പ. പിതാവിന്‍റെ നാമത്തിലുള്ള ചരിത്ര മ്യൂസിയവും ലൈബ്രറിയും മറ്റു അനുബന്ധകാര്യങ്ങളും ഈ സ്ഥാപനത്തിലുണ്ട്. പ. പിതാവിന്‍റെ ശിഷ്യരില്‍ ഒരാളും അദ്ദേഹത്തിന്‍റെ സഹായത്താല്‍ പഠനം പൂര്‍ത്തിയാക്കി ഉദ്യോഗം ലഭിക്കുകയും ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുകയും ചെയ്യുന്ന കുണ്ടറ മേലേവിളയില്‍ ശ്രീ ചാണ്ടപ്പിള്ളയാണ് ബസീലിയായുടെ പ്രാരംഭകരില്‍ പ്രധാനി. തൊണ്ണൂറു വയസ്സു കഴിഞ്ഞ അദ്ദേഹത്തിന്‍റെ ആഗ്രഹവും പ്രഖ്യാപനവും ഇപ്രകാരമാണ്. “ഞാന്‍ ഇനി ഇന്ത്യയിലേക്കു വരുന്നുണ്ടെങ്കില്‍ അതു പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായെ പരിശുദ്ധനായി പ്രഖ്യാപിക്കുന്ന ശുശ്രൂഷയ്ക്കു മാത്രമായിരിക്കും”. പ. വലിയ ബാവാ തിരുമേനി കുണ്ടറയുടെ സ്വന്തം എന്നതിന്‍റെ ഒരു പ്രത്യക്ഷ ഉദാഹരണം ഇവിടെ സൂചിപ്പിച്ചു എന്നു മാത്രം.
- വ്രതനിഷ്ഠന്‍, തപോധനന്‍,
മഹായോഗി
പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ യുടെ ആകാരത്തിലും ചിന്തയിലും വാക്കുകളിലും പ്രവൃത്തികളിലും കര്‍മ്മാനുഷ്ഠാനങ്ങളിലും വിശുദ്ധിയുടെ വിമലകിരണങ്ങള്‍ എപ്പോഴും പ്രസരിക്കുമായിരുന്നു. ശരീരത്തെ ദൈവത്തിന്‍റെ ആലയമായി കരുതി വ്രതസംശുദ്ധമായ ഒരു ജീവിതം നയിച്ചതിനാല്‍ യുവത്വത്തിലും വാര്‍ദ്ധക്യത്തിലും ശരീരകാന്തി ഒരുപോലെ നിലനിര്‍ത്തുവാന്‍ അദ്ദേഹത്തിനു സാധിച്ചു. ശരീരമാകുന്ന ദൈവാലയം കള്ളന്മാരുടെ ഗുഹയാക്കിത്തീര്‍ത്തുകൊണ്ട് ദൈവാത്മാവിനെ ദുഃഖിപ്പിക്കുവാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ദേഹശുദ്ധിയിലും മനഃശുദ്ധിയിലും അത്യന്തം ജാഗ്രത പുലര്‍ത്തിയിരുന്നു. ഒരു മഹായോഗിക്കു ചേര്‍ന്ന നിഷ്ഠയും ചിട്ടയും പ. പിതാവിന്‍റെ ദിനചര്യകളില്‍പോലും വ്യക്തമായിരുന്നു. ഗുരുക്കന്മാരായ പ. പരുമല തിരുമേനിയില്‍ നിന്നും പ. വട്ടശ്ശേരില്‍ തിരുമേനിയില്‍ നിന്നും നേരിട്ട് ആര്‍ജ്ജിച്ചെടുത്ത പ്രാര്‍ത്ഥനാ ശൈലിയും നോമ്പുപവാസ അനുഷ്ഠാനങ്ങളും അതുപോലെ അനുകരിച്ചു ജീവിച്ച തപോധനനായി അദ്ദേഹം മാറ്റപ്പെട്ടു. വി. കുര്‍ബ്ബാന അര്‍പ്പണത്തില്‍ പ. പിതാവു പൂര്‍ണ്ണമായും അതിനോടു ലയിക്കുമായിരുന്നു. പരിസരങ്ങളില്‍ എന്തു സംഭവിച്ചാലും വി. കുര്‍ബ്ബാന പൂര്‍ത്തിയാകുന്നിടംവരെ അദ്ദേഹം അതറിയില്ല. വി. കുര്‍ബ്ബാനയില്‍ തിരുമേനിയുടെ മുഖകാന്തി വര്‍ദ്ധിക്കുന്നതും രൂപാന്തരം സംഭവിക്കുന്നതും അനേകരുടെ സാക്ഷ്യമാണ്. ‘കര്‍മ്മത്തെ വികര്‍മ്മമാക്കരുത്’ എന്നത് അദ്ദേഹത്തിനു നിര്‍ബന്ധമായിരുന്നു. തപസ്സിന്‍റെ ശക്തിമൂലമായിരിക്കാം സത്യങ്ങളെ എപ്പോഴും മുറുകെപ്പിടിക്കുവാനും മൂല്യങ്ങളെ വളര്‍ത്തുവാനും തിന്മയോടു യുദ്ധം ചെയ്യാനും തിരുമേനിക്ക് സാദ്ധ്യമായത്. - സഭാസ്വാതന്ത്ര്യത്തിന്‍റെയും
ഐക്യത്തിന്‍റെയും കാവല്‍ഭടന്‍
1929-ല്‍ പൗരസ്ത്യ കാതോലിക്കാ ആയി അവരോധിക്കപ്പെട്ടതുമുതല്‍ 1956 വരെ പ. പിതാവ് സധൈര്യം നേരിട്ടത് അഗ്നിപരീക്ഷണങ്ങളെ ആയിരുന്നു. കോട്ടയം ജില്ലാ കോടതിയില്‍ ആരംഭിച്ച് ഇന്ത്യയുടെ അത്യുന്നത നീതിപീഠമായ സുപ്രീംകോടതിയുടെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ബഞ്ചുവരെ നീണ്ടുനിന്ന വ്യവഹാരങ്ങളില്‍ ഈ വീരപുരുഷന് പടപൊരുതേണ്ടിവന്നു. 1951-ല്‍ തിരുക്കൊച്ചി ഹൈക്കോടതിയില്‍ നിന്ന് മലങ്കരസഭയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു വിധി പുറപ്പെടുവിച്ചപ്പോള്‍ സഭാ മക്കളെ ആശ്വസിപ്പിച്ചു കൊണ്ട് പ. പിതാവ് കല്‍ക്കട്ടായില്‍ നിന്ന് അയച്ച സന്ദേശം മലങ്കരസഭയുടെ ചരിത്രത്തിലെ ഒരു സുവര്‍ണ്ണ രേഖയാണ്: “വാത്സല്യമക്കളെ, ഇത് അവസാന വിധി അല്ല. ദുഃഖവെള്ളിയാഴ്ച ക്രൂശിച്ച സത്യം ഞായറാഴ്ച ഉയിര്‍ത്തതുപോലെ അവസാനം സത്യം ജയിക്കും. എല്ലാവരും ധൈര്യമായിരിക്കുക. ദൈവാശ്രയത്തോടുകൂടി മുന്നോട്ടു പോവുക. ചെറിയ ആട്ടിന്‍കൂട്ടമേ ഭയപ്പെടേണ്ട”. പരാജയത്തില്‍ വിജയം ദര്‍ശിക്കുകയും അതു പ്രത്യാശയോടെ പ്രവചിക്കുകയും ചെയ്ത പിതാവ്. കോട്ടയം എം.ഡി. സെമിനാരിയിലെ മൈതാനത്തില്‍ കൂടിയ വൈദികരുള്‍പ്പെടെയുള്ള വിശ്വാസിസാഗരം ഒരു വിശ്വാസ പ്രതിജ്ഞ ഏകസ്വരത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു. “മാര്‍ത്തോമ്മാ ശ്ലീഹായുടെ പൗരസ്ത്യ കാതോലിക്കാ സിംഹാസനത്തിന്‍ കീഴ് ഞങ്ങളും ഞങ്ങളുടെ സന്താന പരമ്പരകളും ലോകാവസാനത്തോളം ഭക്തിപൂര്‍വ്വം നിലകൊള്ളുന്നതാണെന്ന് ദൈവതിരുമുമ്പാകെ പ്രതിജ്ഞ ചെയ്തുകൊള്ളുന്നു. കാതോലിക്കാ സിംഹാസനത്തിന്‍റെ താഴ്ച നമ്മുടെ താഴ്ച; കാതോലിക്കാ സിംഹാസനത്തിന്‍റെ ഉയര്‍ച്ച നമ്മുടെ ഉയര്‍ച്ച. കാതോലിക്കാ സിംഹാസനത്തിന്‍റെ ശ്രേയസ് നമ്മുടെ ശ്രേയസ്. ആകയാല്‍ ബാലസിംഹങ്ങളെ! നമുക്കെഴുന്നേറ്റു നമ്മുടെ സഭയെ പണിയാം; ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് നമുക്ക് പണിയാം”.
പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ പ്രവചന രൂപത്തിലുള്ള പ്രാര്‍ത്ഥനാ സന്ദേശവും ദൈവജനത്തിന്‍റെ പ്രതിജ്ഞയും ദൈവം കേട്ടു. 1958-ല്‍ ബഹു. സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് മലങ്കരസഭയുടെ 1934-ലെ ഭരണഘടനയുടെ സാധുത പ്രഖ്യാപിച്ചുകൊണ്ട് സഭയുടെ അസ് തിത്വം ഉറപ്പിച്ചു. പ. പിതാവിന്‍റെ പ്രവചനത്തിന്‍റെ നിവര്‍ത്തിയാണിത്. ദൈവജനം പ. പിതാവിന്‍റെ കീഴില്‍ നിന്ന് നടത്തിയ ദൈവീക പ്രതിജ്ഞയുടെ അനുഗ്രഹസാഫല്യമാണിത്. പ. ബാവാ തിരുമേനി ഈ വിജയത്തെ വിനയത്തോടെ സ്വീകരിച്ചു. വിഘടിത വിഭാഗം സ്വന്തരക്തത്തിലുള്ളവരാണെന്ന ബോധ്യത്തില്‍ ബഹു. സുപ്രീം കോടതി അവര്‍ക്ക് വിധിച്ച പിഴ തുക വേണ്ട എന്നു പ്രഖ്യാപിച്ചു. 1958 ഡിസംബര്‍ 16-ന് 1934-ലെ മലങ്കരസഭാ ഭരണഘടനയ്ക്കു വിധേയമായി പ. അന്ത്യോക്യാ പാത്രിയര്‍ക്കീസിനെ സ്വീകരിച്ചുകൊണ്ട് സഭയില്‍ സമാധാനവും ഐക്യവും ഉണ്ടാക്കി.
ചതിവും വഞ്ചനയും കൈമുതലാക്കിയ ചിലര്‍ പ. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനോടു ചേര്‍ന്നു നടത്തിയ അന്തര്‍നാടകങ്ങളുടെ ഫലമായി പ. ഔഗേന്‍ പ്രഥമന്‍ ബാവായുടെ ഭരണകാലഘട്ടത്തില്‍ 1970-കളില്‍ സഭയില്‍ വീണ്ടും ഭിന്നത സൃഷ്ടിച്ചു. മലങ്കരയിലെ പള്ളികള്‍ കൈയ്യൂക്കുകൊണ്ടും അക്രമണപരമ്പരകള്‍ കൊണ്ടും കയ്യേറിയതും നിയമം അനുസരിച്ചുപോകുന്ന സഭാ മക്കളെ ദൈവാലയങ്ങളില്‍ നിന്നും അടിച്ചു പുറത്താക്കിയതും മലങ്കരയില്‍ വീണ്ടും ഭിന്നതകള്‍ക്കും വ്യവഹാരങ്ങള്‍ക്കും തുടക്കമിട്ടു. അതിന്‍റെ പരിണിത ഫലമാണ് 1995-ല്‍ സുപ്രിംകോടതിയില്‍ നിന്ന് പുറപ്പെടുവിച്ച ന്യായവിധിയും 2017 ജൂലൈ 3-ന് ഉണ്ടായ സുപ്രധാന വിധിയും തുടര്‍ വിധിന്യായങ്ങളുമെല്ലാം. - ഭാരതസഭയിലെ
ആധുനിക നവോത്ഥാന ശില്പി
മലങ്കരസഭയുടെ കഴിഞ്ഞ നൂറ്റാണ്ടിലെ വിസ്മയകരമായ വളര്‍ച്ചയ്ക്ക് വിത്തുവിതയ്ക്കപ്പെട്ടത് പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ തിരുമേനിയുടെ കാലഘട്ടത്തിലാണ്. പൗരസ്ത്യ ദൈവശാസ്ത്രത്തിന്‍റെ ആത്മാവിനെ ഹൃദയപൂര്‍വ്വം ഉള്‍ക്കൊണ്ട പ. പിതാവ് ഓര്‍ത്തഡോക്സ് വിശ്വാസത്തിന്‍റെ വീറും വിശുദ്ധിയും ആവോളം പ്രചരിപ്പിച്ചു. പാശ്ചാത്യ ദൈവശാസ്ത്രത്തിന്‍റെ വ്യക്താക്കളെ ചിന്തിപ്പിക്കുന്ന വിധത്തില്‍ വി. വേദപുസ്തകത്തിലെ വിശുദ്ധ രഹസ്യങ്ങളെ വിശദമായി വ്യാഖ്യാനിച്ചു നല്‍കി. രണ്ടു പ്രാവശ്യം പ. മൂറോന്‍ കൂദാശ ചെയ്തു. പ. വട്ടശ്ശേരില്‍ തിരുമേനിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത സഭാ ഭരണഘടനയെ 1934-ല്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലൂടെ സഭയുടെ ഔദ്യോഗിക ഭരണഘടനയാക്കി മാറ്റി. ഭാരതക്രൈസ്തവ സഭയുടെ ചരിത്രത്തില്‍ ആദ്യമായി രണ്ടു പിതാക്കന്മാരെ (പ. പരുമല ഗ്രീഗോറിയോസ്, പ. യല്‍ദോ മാര്‍ ബസേലിയോസ്) വിശുദ്ധരായി പ്രഖ്യാപിച്ചു. വിശ്വാസികള്‍ ആരാധനയില്‍ അര്‍ത്ഥപൂര്‍ണ്ണമായി പങ്കെടുക്കാന്‍ തക്കവണ്ണം ശുശ്രൂഷാക്രമങ്ങള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുവാനുള്ള നടപടികള്‍ ആരംഭിച്ചു.
മലങ്കരസഭയുടെ എക്യുമെനിക്കല്‍ ബന്ധങ്ങളും മതസൗഹാര്‍ദ്ദ ബന്ധങ്ങളും സമാരംഭിച്ചു. പ. പിതാവ് 1958-ല്‍ പാകിയ വിത്ത് രാജ്യനിയമങ്ങള്‍ക്കും സഭയുടെ കാനോനകള്‍ക്കും അനുസൃതമായി വളര്‍ന്നുവന്ന് സ്ഥിരമായി നില്‍ക്കുന്ന ശാശ്വത സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും പടുവൃക്ഷമായി മാറുവാന്‍ ദൈവം തന്നിരിക്കുന്ന മഹാകൃപ മലങ്കരയിലെ രണ്ടു കക്ഷിയിലും പെട്ട ദൈവമക്കള്‍ക്ക് ലഭിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

