1964 ജനുവരി 3
ഡോ. എം.എസ്. അലക്സാണ്ടര്‍ U.K. (F.R.C. Psych.
നമ്മുടെ രക്ഷിതാവായ യേശു മശിഹായുടെ അരുമ ശിഷ്യനായ വി. മാര്‍തോമ്മാ ശ്ലീഹായുടെ സിംഹാസനത്തില്‍ ആരൂഢനായിരുന്ന പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ തിരുമേനിയുടെ മൃതശരീരം കബറടക്ക ശുശ്രൂഷകള്‍ക്കു മുന്‍പ് ഒരുക്കുന്നതില്‍ പങ്കെടുക്കാന്‍ ദൈവം എനിക്കു അവസരം തന്നിരുന്നു. 1964 ജനുവരി മാസം 3-ാം തീയതി വെളുപ്പിനു 4 മണിക്കു കോട്ടയം മെഡിക്കല്‍ കോളജിലെ അനാട്ടമി പ്രൊഫസര്‍ ആയിരുന്ന ഒറീസക്കാരന്‍ മഹന്തി അന്നു ഞാന്‍ താമസിച്ചിരുന്ന മെഡിക്കല്‍ കോളജിലെ മെന്‍സ് ഹോസ്റ്റലില്‍ വന്നു പറഞ്ഞു, അദ്ദേഹത്തിനു ഉടനടി കോട്ടയത്തിനുപോയി അവിടെ ഒരു ബിഷപ്പിന്‍റെ മൃതശരീരം എംബാം ചെയ്യാനുണ്ടെന്നും അദ്ദേഹത്തെ സഹായിക്കാന്‍ രണ്ടു മെഡിക്കല്‍ സ്റ്റുഡന്‍റ്സിന്‍റെ ആവശ്യം ഉണ്ടെന്നും അതുകേട്ടതോടെ അന്നു അവിടെയുണ്ടായിരുന്ന റോയി തോമസും ഞാനും കൂടി പ്രൊഫസറിന്‍റെ കൂടെ പോകാമെന്നു പറഞ്ഞു. ഞങ്ങള്‍ മൂന്നുപേരും കൂടി അനാട്ടമി ഡിപ്പാര്‍ട്ട്മെന്‍റില്‍ ചെന്നിട്ടു ആവശ്യത്തിനു Glycerine, spririt, formalin, Cotton, Syringes, Needles, towels, Sauspan എന്നിവ ശേഖരിച്ചിട്ടു ഒരു taxi കാറില്‍ കോട്ടയത്തിനു തിരിച്ചു. ഞങ്ങള്‍ എത്തേണ്ടടത്തു എത്തിയപ്പോളാണ് മനസിലായതു സ്ഥലം ദേവലോകം അരമനയാണെന്നും ബിഷപ്പ് എന്നു മഹന്തി പറഞ്ഞ ആള്‍ മലങ്കര മെത്രാപ്പോലീത്തായും കിഴക്കിന്‍റെ കാതോലിക്കായുമായിരുന്ന പരിശുദ്ധ ബാവാ തിരുമേനിയാണെന്നും. അദ്ദേഹത്തിന്‍റെ ദേഹം അരമന ചാപ്പലിനുള്ളില്‍ ഒരു കസേരയിലായിരുന്നു. ഞങ്ങളുടെ ജോലി ചെയ്യാനായി ചാപ്പലിനുള്ളില്‍ നിന്നും എല്ലാവരും വെളിയില്‍ പോകണമെന്നും എല്ലാ വാതിലുകളും ജനലുകളും പൂട്ടണമെന്നും പറഞ്ഞു. അഭിവന്ദ്യ കൂറിലോസ് തിരുമേനി (പിന്നീട് പ. മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ)ക്കു മാത്രം ചാപ്പലിനുള്ളില്‍ കഴിയാന്‍ അവസരം കൊടുത്തു. ഞങ്ങള്‍ ജോലി ചെയ്തു കൊണ്ടിരുന്നപ്പോള്‍ അദ്ദേഹം പ്രാര്‍ത്ഥനാ മേശയുടെ മുന്നില്‍ മുട്ടു കുത്തി നിന്നു ഏങ്ങലടിച്ചു കരയുകയായിരുന്നു.
പരിശുദ്ധ ബാവായുടെ എല്ലാ കുപ്പായങ്ങളും മാറ്റി സ്പിരിറ്റും ചൂടുവെള്ളവും കൊണ്ട് ദേഹം മുഴുവനും കഴുകി തുടച്ചെടുത്തു. പിന്നീട് സ്പിരിറ്റും ഫോര്‍മാലിനും, ഗ്ലിസറിനും കൂടി രണ്ടു സോസ്പാനിലാക്കി മിക്സ് ചെയ്തു. മൃതദേഹത്തിനുള്ളിലേക്കു പോകേണ്ടതു മൂന്നു സിറിഞ്ചുകളിലാക്കി. ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഓരോ സിറിഞ്ച് നിറയെ ഈ സൊലൂഷന്‍ ഉണ്ടായിരുന്നു. പ്രൊഫസര്‍ മഹന്തിയുടെ നിര്‍ദ്ദേശപ്രകാരം എംബാമിംഗ് കാല്‍ പാദത്തില്‍ തുടങ്ങി ഓരോരോ അവയവങ്ങളിലായി അവസാനം മേല്‍പ്പോട്ടു മുഖം ഉള്‍പ്പെടെ ചെയ്യാനായിരുന്നു പ്ലാന്‍. ഭയത്തോടും ഭക്തിയോടും വിറയലോടും കൂടിയാണു ഞങ്ങള്‍ എംബാം ചെയ്തു കൊണ്ടിരുന്നത്.
ദേഹം കഴിഞ്ഞിട്ടു കഴുത്തും മുഖവും എംബാം ചെയ്യേണ്ട സമയമായി. അപ്പോള്‍ പരിശുദ്ധ ബാവാ തിരുമേനിയുടെ മുഖത്തിനു ചുറ്റും ഒരു വലിയ ശോഭ (Halo) ഞാന്‍ കണ്ടു. മുഖത്തു ഒരു വലിയ പ്രസരിപ്പുണ്ടായിരുന്നു. ഞാന്‍ പ്രൊഫസറോടു പറഞ്ഞു. “സാറെ ഈ മുഖം നമ്മള്‍ എംബാം ചെയ്യണ്ട, അതു അങ്ങനെ തന്നെ നില്‍ക്കട്ടെ”. അദ്ദേഹം പറഞ്ഞു, “ഈ cadaver ന്‍റെ ദേഹം മുഴുവനും എംബാം ചെയ്യണമെന്നാണു” അദ്ദേഹത്തോടു ഇതിന്‍റെ ചുമതലക്കാര്‍ പറഞ്ഞിരിക്കുന്നത്. ഞാന്‍ പ്രൊഫസറിനോടു പറഞ്ഞു. “സാറെ ഇതു വെറും cadaver അല്ല. പിന്നെയോ ഇതു അതിപരിശുദ്ധനായ ഒരു Holy Spirit ന്‍റെ ബോഡി ആണ്. അദ്ദേഹം മുഖത്തേക്ക് വിസ്മയനീയനായി നോക്കി കുറച്ചു നേരം കഴിഞ്ഞപ്പോള്‍ എന്നോടു പറഞ്ഞു. Ok, എന്നാല്‍ ഞാനിപ്പോള്‍ മുഖം എംബാം ചെയ്യുന്നില്ല. പക്ഷെ എംബാം ചെയ്യാനുള്ള സൊലൂഷനും സിറിഞ്ചും തന്നേ ഏല്‍പ്പിച്ചേക്കാം. കബറടക്കം വരെ താന്‍ ബോഡിയുടെ കൂടെ കാണണം. മുഖത്തിനു ഭാവവ്യത്യാസം വരുകയാണെങ്കില്‍ മുഖവും എംബാം ചെയ്തുകൊള്ളണം. അതിനുള്ള ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തു. പ്രൊഫസര്‍ റോയി തോമസ് ജോലി കഴിഞ്ഞു മെഡിക്കല്‍ കോളജിലേക്ക് പോയി. ഞാന്‍ തിരുമേനിയോടു കൂടി കബറടക്കം വരെ ഉണ്ടായിരുന്നു.
പ്രൊഫസര്‍ ചാപ്പലില്‍ നിന്നും പുറത്തുപോയതോടെ ഒരു വാതില്‍ മാത്രം തുറന്നു. നിയുക്ത ബാവാ ആയ അഭിവന്ദ്യ തീമോത്തിയോസ്, പാറേട്ടു മാര്‍ ഈവാനിയോസ്, മാത്യൂസ് മാര്‍ അത്താനാസിയോസ്, ദാനിയേല്‍ മാര്‍ പീലക്സീനോസ് എന്നിവരും കൂടെ എട്ടുപത്ത് അച്ചന്മാരും വന്നു. അവര്‍ ബാവായുടെ അംശ വസ്ത്രങ്ങള്‍ അദ്ദേഹത്തിന്‍റെ ശരീരത്തില്‍ അണിയിച്ചു. ബാവായുടെ ശരീരം പൊതു ദര്‍ശനത്തിനു ഒരുക്കി. അതിനു ശേഷം ചാപ്പലിന്‍റെ വാതിലുകള്‍ തുറന്നു. ജന പ്രവാഹം തുടങ്ങി.
പരിശുദ്ധ ബാവായുടെ മുഖം ഞാനിടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. അതിന്‍റെ ശോഭ ഒന്നിനൊന്നു കൂടി കൂടി വന്നതേയുള്ളു. ഒരു നിമിഷം പോലും അതിന്‍റെ ശോഭ മങ്ങിപ്പോയിരുന്നില്ല. അതു എങ്ങനെ സംഭവിച്ചു എന്നു എനിക്കു ഇപ്പോളും അറിയില്ല. മൃതദേഹത്തിനു ചുറ്റും ഒരു പരിമള വാസന ഉണ്ടായിരുന്നു. അതു കുന്തിരിക്കത്തിന്‍റേതായിരുന്നില്ല.

