Home From His Holinessമഹാപുരോഹിത സന്ദേശം

മഹാപുരോഹിത സന്ദേശം

by malankara
466 views

മഹാപുരോഹിത സന്ദേശം

ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍

വിശുദ്ധ നോമ്പേ, സമാധാനത്താലേ വരിക…!

നമ്മുടെ രക്ഷകന്‍ നോറ്റ വിശുദ്ധ നോമ്പിലേക്ക് രക്ഷിത സഭയും പ്രവേശിക്കുവാന്‍ ഒരുങ്ങുന്ന അനുഗൃഹീത കാലമാണല്ലോ ഇത്. നമ്മെത്തന്നെ കണ്ടെത്തുവാനും വിശുദ്ധീകരിക്കുവാനുമുള്ള അവസരമാകണം ഒരോ നോമ്പ് കാലവും. നമ്മുടെ വേരുകളും ഉറവുകളും ദൈവത്തിലാണെന്നും അവനോടൊപ്പം അവനിലേക്കും തന്നെയാണ് നാം സഞ്ചരിക്കുന്നത് എന്നും ഉറപ്പുവരുത്തേണ്ട തിരിച്ചറിവിന്‍റെ കാലമാണിത്. ഈ ആത്മീയ ബോധ്യങ്ങളില്‍ നിന്ന് നാം എപ്പോഴെങ്കിലും ഇടറിവീണുപോയിട്ടുണ്ടോ എന്ന് പരിശോധിക്കുവാനും ക്രിസ്തുസ്നേഹത്തിന്‍റെ ആഴങ്ങളിലേക്ക് മടങ്ങിവരുവാനും വിശുദ്ധ നോമ്പ് നമ്മെ പ്രേരിപ്പിക്കുന്നു.

ദൈവീക നിയോഗങ്ങളെ മറന്നും ദൈവകരുണയുടെ ആഴങ്ങളെ തിരിച്ചറിയാന്‍ കഴിയാതെയും ആത്മീയ ദുരന്തത്തിലേക്ക് വീണുപോയ പ്രവാചകനാണ് യോന. എന്നാല്‍ അനുതാപവും കണ്ണുനീരും ഉപവാസവും പ്രാര്‍ത്ഥനയും മൂലം പ്രവാചകനും നിനുവാ നഗരവും വിടുതല്‍ നേടിയ ദൈവവികപദ്ധതിയെ ധ്യാനിച്ചുകൊണ്ട് തോറ്റുപോകാത്ത ആയുധമായ വിശുദ്ധ നോമ്പിനാല്‍ ദുഷ്ടന്‍റെ പോരാട്ടങ്ങളെ അതിജീവിക്കുവാന്‍ നമുക്കും ഈ നാളുകളില്‍ പരിശ്രമിക്കാം. നന്നാവാനുള്ള അവസരമാണ് നോമ്പ്. പാപത്താല്‍ മലീമസമായ തേജസ്സിന്‍റെ വസ്ത്രം കണ്ണുനീരാല്‍ അലക്കി വെളുപ്പിക്കുവാനുള്ള വിശുദ്ധ ദിനങ്ങള്‍. ആയതിനാല്‍ നമുക്ക് ഒരുപാട് ഇഷ്ടമുള്ളതിനെയൊക്കെ ഈ നോമ്പില്‍ നമുക്ക് മാറ്റി വയ്ക്കാം. ലൗകികമായ ഉല്ലാസങ്ങള്‍ക്ക് ചിലവഴിക്കുന്ന സമയത്തില്‍ നിന്ന് ഒരല്‍പ സമയം കൂടുതല്‍ പ്രാര്‍ത്ഥനയ്ക്കായി ചിലവഴിക്കാം. ഉപവാസ മിച്ചം ദരിദ്രര്‍ക്ക് ദാനമായി നല്‍കാം. വേദവായനക്കും യാമപ്രാര്‍ത്ഥനകള്‍ക്കും കുമ്പിടീലിനും കുടുംബമായി ഒരുമിച്ച് സമയം കണ്ടെത്താം. അങ്ങനെ ഒരു നോമ്പ് ആചരണം ഈ വര്‍ഷം സാധ്യമായിത്തീര്‍ന്നാല്‍ നമ്മുടെ ദേശത്തിന് സൗഖ്യവും സഭയ്ക്ക് പുതുക്കവും കുടുംബങ്ങള്‍ക്ക് നവീകരണവും പാപികള്‍ക്ക് മാനസാന്തരവും കരഗതമാക്കുവാന്‍ കഴിയുമെന്ന് നാം വിശ്വസിക്കുന്നു.

നോമ്പാകുന്ന മലകയറി ചെല്ലുമ്പോള്‍ വിശ്വാസിക്ക് രക്ഷകന്‍റെ ജയമുള്ള സ്ലീബായും രക്ഷാകരമായ ഉയര്‍പ്പിന്‍റെ മഹത്വവും ദര്‍ശിക്കുവാന്‍ സാധിക്കും. ഒരുവന്‍ എന്‍റെ പിന്നാലെ വരുവാന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ ത്യജിച്ച് തന്‍റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ എന്ന വാക്കുകള്‍ അനുഭവേദ്യമാക്കുവാന്‍ ഈ നോമ്പുകാലം നമുക്ക് നമ്മെത്തന്നെ ദൈവവഴികളില്‍ പ്രതിഷ്ഠിക്കാം. സഹനത്തിന്‍റെ ചൂളകളില്‍ എരിഞ്ഞ് പോകാതെ ക്രൂശിലെ രക്ഷകനെ നോക്കി നമ്മുടെ ജീവിതത്തെ നയിക്കുവാന്‍ കഴിയുമ്പോള്‍ അവന്‍റെ ഉയര്‍പ്പിന്‍റെ മഹത്വവും സമാധാനവും സന്തോഷവും നമുക്ക് ആര്‍ജ്ജിക്കുവാന്‍ സാധിക്കും. ആയതിനാല്‍ നമ്മുടെ രക്ഷകന്‍ നോറ്റ നോമ്പേ സമാധാനത്താലെ വരിക എന്ന പ്രാര്‍ത്ഥന നമുക്ക് ഹൃദയങ്ങളില്‍ നിന്ന് ഏറ്റുചൊല്ലാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

Leave a Comment