Home Articlesപ്രത്യാശയുള്ള വൃക്ഷങ്ങള്‍

പ്രത്യാശയുള്ള വൃക്ഷങ്ങള്‍

by malankara
383 views

പ്രത്യാശയുള്ള വൃക്ഷങ്ങള്‍

ടി.കെ.

പത്തു കിണറിനു തുല്യം ഒരു കുളം
പത്തു കുളത്തിനു തുല്യം ഒരു തടാകം
പത്തു തടാകത്തിനു തുല്യം ഒരു പുത്രന്‍
പത്തു പുത്രന്മാര്‍ക്കു തുല്യം ഒരു മരം”
(വൃക്ഷായുര്‍വേദം
)

‘കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവുംമൂലം 24 ലക്ഷം ഏക്കര്‍ ആമസോണ്‍ മഴക്കാടുകള്‍ കത്തിനശിച്ച വര്‍ഷമാണ് കടന്നുപോയത്. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്! ലാറ്റിന്‍ അമേരിക്കന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് ‘ദുരന്തം’ (Tragedy) എന്നാണ് ഈ സാഹചര്യത്തെ വിശേഷിപ്പിച്ചത്. ഐക്യരാഷ്ട്രസംഘടനയോടും അന്താരാഷ്ട്രസമൂഹത്തോടും ആമസോണിയന്‍ രാജ്യങ്ങളിലെ ഭരണാധികാരികളോടും സമ്മേളനം അടിയന്തിരശ്രദ്ധ ആവശ്യപ്പെടുകയുണ്ടായി. നമ്മുടെ രാജ്യതലസ്ഥാനമായ ഡല്‍ഹി നഗരത്തിനു ശ്വാസംമുട്ടിയ വര്‍ഷം കൂടിയാണിത്. അന്തരീക്ഷവായുവിന്‍റെ ഗുണനിലവാരമളക്കുന്ന എ.ക്യു.ഐ. (Air Quality Index) അനുസരിച്ച് അനാരോഗ്യകരമായ വായുവാണ് ഡല്‍ഹി നിവാസികള്‍ ശ്വസിക്കുന്നത്. വാഹനങ്ങളുടെ എണ്ണപ്പെരുപ്പം മൂലമുണ്ടാകുന്ന മലീനീകരണം, റോഡിലെ പൊടിപടലങ്ങളുടെ വര്‍ദ്ധനവ്, അശാസ്ത്രീയമായി തീ കത്തിക്കുന്നതു മൂലമുണ്ടായ പുക എന്നിവ മഞ്ഞില്‍ കലരുന്നതാണ് ഈ ദുരവസ്ഥയ്ക്കു കാരണം. ലോകരാജ്യങ്ങളിലെ 1650 നഗരങ്ങളില്‍ ലോകാരോഗ്യസംഘടന (W.H.O.) നടത്തിയ സര്‍വ്വേയില്‍ ഏറ്റവും മോശം അന്തരീക്ഷവായു ഡല്‍ഹിയിലേതാണെന്നു കണ്ടെത്തി. “നരകത്തെക്കാള്‍ മോശം അവസ്ഥ”യെന്നാണ് സുപ്രീംകോടതി ജഡ്ജി അരുണ്‍മിശ്ര ഇതിനോട് പ്രതികരിച്ചത്.
ആഗോളതാപനംമൂലം ഹിമാലയത്തില്‍ സഹസ്രാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും കൂടിയ മഞ്ഞുരുകലിനും കാരണമായി. 2017 ഫെബ്രുവരിയില്‍ രാജസ്ഥാനിലെയും ഗുജറാത്തിലെയും മരുഭൂമികളില്‍ വെള്ളപ്പൊക്കമുണ്ടായി. താരതമ്യേന സുരക്ഷിതമായി കരുതിയിരുന്ന കേരളത്തില്‍പ്പോലും 2018-ലെയും 2019-ലെയും പ്രളയകാലങ്ങളില്‍ ‘പാരിസ്ഥിതിക അഭയാര്‍ത്ഥികള്‍’ സൃഷ്ടിക്കപ്പെട്ടു. ജലഗോപുരമെന്നു വിശേഷിപ്പിക്കപ്പെടുന്ന പശ്ചിമഘട്ടത്തിന്‍റെ അനിയന്ത്രിതമായ പരിസ്ഥിതികചൂഷണമാണ് ഈ നവപ്രതിഭാസത്തിനു കാരണമായത്. സമകാലിക ചുറ്റുപാടില്‍ പരിസ്ഥിതി സഹവര്‍ത്തിത്വത്തിന്‍റെ ദര്‍ശനങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ട് പുതുവത്സരത്തിലേക്കു പ്രവേശിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്ന പുസ്തകമാണ് പീറ്റര്‍ വോലെബെന്‍ (Peter Wohlleben) രചിച്ച വൃക്ഷങ്ങളുടെ രഹസ്യജീവിതം (The Hidden Life of Trees) . 
വൃക്ഷങ്ങള്‍ മനുഷ്യരെപ്പോലെ ആശയവിനിമയം നടത്തുമോ? അവയ്ക്ക് സംസാരിക്കാന്‍ കഴിയുമോ? വൃക്ഷങ്ങള്‍ക്ക് സ്നേഹിക്കാനറിയാമോ? അവയ്ക്ക് വേദന അനുഭവിക്കാനാകുമോ? അവയ്ക്ക് മിത്രങ്ങളും ശത്രുക്കളുമുണ്ടോ? അവ ഏകാന്തത അനുഭവിക്കുന്നുണ്ടോ? അവ ശത്രുക്കളുടെ ആക്രമണത്തെ ചെറുക്കുന്നതെങ്ങനെയാണ്?… എന്നു തുടങ്ങി നമുക്ക് അപരിചിതമായ വൃക്ഷങ്ങളുടെ ജീവിതം, അതെ, രഹസ്യജീവിതം വെളിപ്പെടുത്തുന്ന രചനയാണിത്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് വെട്ടിമാറ്റപ്പെട്ട മരത്തിന്‍റെ അവശേഷിക്കുന്ന കുറ്റിക്ക് അന്നജവും മറ്റു പോഷകങ്ങളും പകര്‍ന്നുകൊടുത്ത് അവയുടെ ജീവന്‍ നിലനിര്‍ത്തുന്നു! ഇവ വര്‍ത്തമാനകാല വനത്തെ രൂപപ്പെടുത്തുന്ന വൃക്ഷങ്ങളുടെ മാതാപിതാക്കളായിരിക്കാമെന്നാണ് എഴുത്തുകാരന്‍റെ നിഗമനം. ഭക്ഷണവും ആശയവും വന്‍തോതില്‍ കൈമാറുന്ന മണ്ണിലെ കുമിള്‍ശൃംഖലയെ അദ്ദേഹം ‘വുഡ് വൈഡ് വെബ്’ (Wood Wide Web) എന്നു വിശേഷിപ്പിക്കുന്നു. മനുഷ്യര്‍ കൃഷിചെയ്ത് വളര്‍ത്തുന്ന സസ്യങ്ങളാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിഷാദം അനുഭവിക്കുന്ന സസ്യങ്ങളെന്നാണ് അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍. ‘ബധിരരും മൂകരും’ എന്നാണ് അദ്ദേഹം അവയ്ക്ക് പേരിട്ടിരിക്കുന്നത്.
വൃക്ഷങ്ങള്‍ക്കു പരസ്പരം ആശയവിനിമയം നടത്താനാകും. ഗന്ധങ്ങളിലൂടെയാണ് അവ സംസാരിക്കുന്നത്. ഉദാഹരണത്തിന്, ആഫ്രിക്കയിലെ സാവന്നയില്‍ അക്കേഷ്യാമരത്തിന്‍റെ ഇലകള്‍ തിന്നുജീവിച്ച ജിറാഫുകളെ ഒഴിവാക്കാനായി വൃക്ഷങ്ങള്‍ അവയുടെ ഇലകളിലേക്ക് എഥിലിന്‍ എന്ന രാസവസ്തു നിര്‍ഗമിപ്പിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ സഹവൃക്ഷങ്ങളെല്ലാം എഥിലിന്‍ പുറപ്പെടുവിച്ചു. കാറ്റിലൂടെയാണ് ഈ വൃക്ഷങ്ങള്‍ ഗന്ധമുന്നറിയിപ്പുകള്‍ നല്കുന്നത്. (ജിറാഫുകള്‍ കാറ്റിന്‍റെ എതിര്‍ദിശയിലൂടെ ദൂരെ മാറി സസ്യങ്ങളെ ഭക്ഷിക്കുവാനായി പോയി!). വൃക്ഷങ്ങള്‍ക്കു ദാഹിക്കുമ്പോള്‍ അവ നിലവിളിക്കുന്നു. വേരുകളില്‍നിന്ന് ഇലകളിലേക്കുള്ള ജലപ്രവാഹം തടയപ്പെടുമ്പോള്‍ തായ്ത്തടിയില്‍ കമ്പനങ്ങളുണ്ടാകുന്നു. അവ മനുഷ്യന്‍റെ കാതുകള്‍ക്ക് കേള്‍ക്കാനാകാത്ത അള്‍ട്രാസോണിക് തലത്തിലാണ്. അവ വെറും കമ്പനങ്ങളല്ല. നിലവിളികളാണെന്നാണ് പീറ്റര്‍ വോലെബെന്‍റെ കണ്ടെത്തല്‍. സാമൂഹികജീവികളായ വൃക്ഷങ്ങള്‍ സ്വന്തം വര്‍ഗ്ഗക്കാരുമായി മാത്രമല്ല, പ്രതിയോഗികളുമായിപ്പോലും ഭക്ഷണം പങ്കുവെക്കുകയും പരസ്പരം പോഷിപ്പിക്കുകയും ചെയ്യുന്നുവെന്ന സുവാര്‍ത്ത നവവത്സരത്തില്‍ നമ്മെ പ്രചോദിപ്പിക്കട്ടെ.
“ഒരു വൃക്ഷമായിരുന്നാല്‍ പ്രത്യാശയുണ്ട്. അതിനെ വെട്ടിയാല്‍ പിന്നെയും പൊട്ടിക്കിളിര്‍ക്കും. അത് ഇളംകൊമ്പുകള്‍ വിടാതിരിക്കയില്ല. അതിന്‍റെ വേര്‍ നിലത്തു പഴകിയാലും അതിന്‍റെ കുറ്റി മണ്ണില്‍ കെട്ടുപോയാലും വെള്ളത്തിന്‍റെ ഗന്ധംകൊണ്ട് അത് കിളിര്‍ക്കും. ഒരു തൈപോലെ തളിര്‍വിടും. 
പുരുഷനോ മരിച്ചാല്‍ ദ്രവിച്ചുപോകുന്നു (ഇയ്യോബ് 14:7-10).
ടി.കെ.

Related Articles

Leave a Comment