സത്യാനന്തര രാഷ്ട്രീയം
ഡോ. യൂഹാനോന്‍ മാര്‍ മിലിത്തോസ്
“സത്യാനന്തരം” എന്ന പ്രയോഗം ഏറെ പഴക്കമുള്ളതല്ല. 2016 ലെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെയും ബ്രക്സിറ്റ് അഭിപ്രായ വോട്ടെടുപ്പിന്‍റെയും പശ്ചാത്തലത്തിലാണ് പൊതു ശ്രദ്ധയില്‍ ഈ പ്രയോഗംവന്നത്. എന്നാല്‍ ഫ്രെഡറിക് നീഷെ (1844-1900) മാക്സ്വെബ്ബര്‍ (1864-1920) എന്നിവരുടെ എഴുത്തുകളില്‍ ഇതിന്‍റെ മൂലരൂപം പ്രകടമായി. തൊള്ളായിരത്തി എണ്‍പതുകളില്‍ ഹന്ന ആറെന്‍ഡിന്‍റെ (1906-1975) എഴുത്തു കളിലും ഈ സൂചനയുണ്ട്. “സത്യത്തെകുറിച്ചുള്ള പൊതു മാനദണ്ഡങ്ങളുടെ നാശം” എന്ന് ഈ അവസ്ഥയെ നമുക്ക് നിര്‍വ്വചിക്കാം. ഈ പശ്ചാത്തലത്തിലാണ് ഭാരതത്തില്‍ അടുത്ത കാലത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ നാടകങ്ങളെവിലയിരുത്തേണ്ടത് എന്ന് ഞാന്‍ കരുതുന്നു. അതിന്‍റെ അധികം പഴക്കമില്ലാത്ത ഉദാഹരണമാണ് നമ്മുടെ രാജ്യത്ത് നടപ്പാക്കിയ നോട്ട് നിരോധനം. അത് കള്ളപ്പണം, ഭീകര പ്രവര്‍ത്തനം എന്നിവ ഇല്ലാതാവും, വാണിജ്യവ്യവസായമേഖലകള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കും എന്നെല്ലാമായിരുന്നു പ്രചാരണം. എന്നാല്‍ സംഭവിച്ചത് എന്താണ് എന്ന് നാമെല്ലാം കണ്ടതാണ്. ഇതിന്‍റെമറ്റൊരു പതിപ്പായിരുന്നു ഭാരതത്തിലെ ചുങ്കം പിരിവിനെ ഏകധ്രുവീകൃതമാക്കാന്‍ ഉദ്ദേശിച്ചുള്ള ജി. എസ്. റ്റി. എന്നറിയപ്പെടുന്ന ഗുഡ്സ് ആന്‍റ് സര്‍വ്വീസസ് ടാക്സ്. അതിപ്പോള്‍ എല്ലാവര്‍ക്കും ഭാരമായ സര്‍വ്വീസസ് ടാക്സ് ആയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ നികുതിവരുമാനത്തില്‍ ഉണ്ടാവുന്ന നഷ്ടം നികത്താന്‍ ഇതില്‍നിന്നുകിട്ടുന്ന വരുമാനത്തില്‍ 17 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കും എന്നു പറഞ്ഞുതുടങ്ങിയത് ഒരുശതമാനം പോലും പല മാസങ്ങളായി നല്‍കാന്‍ കഴി യാത്ത അവസ്ഥയിലാണ് എന്ന് കേന്ദ്ര ധനകാര്യവകുപ്പ് തന്നെ പറയുന്നു. 17 കുറയ്ക്കന്‍ പറ്റുമോ എന്നറി യാന്‍ അവര്‍ യോഗം വിളിച്ചിരിക്കുന്നു.
ഈ പരിപാടിയുടെ ഏറ്റവും പുതിയ ഉദാഹരണം വന്നു കഴിഞ്ഞു. കഴിഞ്ഞ ദിവസം ബ. പ്രധാനമന്ത്രി ഡെല്‍ഹിയില്‍ നടന്ന ഒരു റാലിയില്‍ പറഞ്ഞു “2014 ന് ശേഷം ഒരിക്കല്‍ പോലും ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചിട്ടില്ല, അത് നടപ്പാക്കാന്‍ പോകുന്നു എന്ന് പ്രതിപക്ഷം പറയുന്നത് നുണയാണ്” എന്ന്. എന്നാല്‍ ബ. കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത്ഷാ പര്‍ലമെന്‍റിലും പുറത്തും പലവട്ടം ഈ നടപടിയെക്കുറിച്ച് പറഞ്ഞി ട്ടുണ്ട് എന്നതാണ് സത്യം. അതുപോലെ തന്നെയാണ് അനധികൃത താമസക്കാര്‍ക്ക് വേണ്ടി അസൈലം സെന്‍ററുകള്‍ (താല്‍ ക്കാലിക തടവറകള്‍) നിര്‍മ്മിക്കും എന്ന് പറയുന്നതും നുണയാണ് എന്ന് ബ. പ്രധാനമന്ത്രി പറയുമ്പോള്‍ 2019 ഏപ്രില്‍ 22-ന് കേന്ദ്ര ആഭ്യന്തരവകുപ്പ് അവ എത്രയും വേഗം നിര്‍മ്മിക്കണം എന്ന് പറഞ്ഞ് സംസ്ഥാനങ്ങള്‍ക്കയച്ച കത്ത് പ്രസക്തമാകുന്നത്. ഇതോടൊപ്പം വായിക്കാ വുന്നതാണ് മുന്‍ അസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയുടെ, അസാമില്‍ ആറ് തടങ്കല്‍ കേന്ദ്രങ്ങള്‍ അദ്ദേഹത്തിന്‍റെ കാലത്ത് നിര്‍മ്മിച്ചിട്ടുണ്ട് എന്ന പ്രസ്താ വന. എന്താണ് നുണ എന്താണ് നേര് എന്നത് ചോദ്യമാകുന്നതിവിടെയാണ്. (ഡിസംബര്‍ 24ന് ബ. പ്രധാനമന്ത്രി പറ ഞ്ഞതാണ്ശരി എന്ന രീതിയില്‍ ബഹു. ആഭ്യന്തര മന്ത്രി ഒരു പ്രസ്താവന നടത്തി യിട്ടുണ്ട്. വര്‍ഷാവസാനം ബ. കേന്ദ്ര നിയമമന്ത്രി പറഞ്ഞിരിക്കുന്നു, പൗരത്വ രജിസ്റ്റര്‍ ഉണ്ടാകും എന്ന്).
ഈ പശ്ചാത്തലത്തിലാണ് 1955 ലെ പൗരത്വ നിയമത്തിന് ഭേദഗതി നിര്‍ദ്ദേശിച്ച് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും പാസാക്കി പ്രസിഡന്‍റിന്‍റെ അംഗീകാരം നേടി 2019 ഡിസംബര്‍ 12 ന് നിയമമായ ബില്ല് നമ്മുടെ പരിഗണനാ വിഷയമാകുന്നത്. ഭാരതത്തിന്‍റെ ഭരണഘടനയിലെ 5 മുതല്‍ 11 വരെയുള്ളആര്‍ട്ടിക്കിള്‍ അനുസരിച്ചുള്ള നിയമമാണ് പശ്ചാത്തലം. ഇത് 1986, 1992, 2005, 2015 വര്‍ഷങ്ങളില്‍ ഭേദഗതിചെയ്യപ്പെട്ടിട്ടുണ്ട്. ജന്മനാലും ഭരണഘടനാപരമായും രാജ്യത്തെ പൗരന്മാരല്ലാത്തവര്‍ 12 വര്‍ഷം തുടര്‍ച്ചയായി ഭാരതത്തില്‍ ജീവിച്ചിരുന്നു എങ്കില്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അവകാശമുള്ളതായി വ്യവസ്ഥചെയ്യുന്ന ഈ നിയമം. ഇതില്‍ 12 വര്‍ഷം എന്നുള്ളത് 5 വര്‍ഷമായി കുറച്ചിരിക്കുന്ന ഇപ്പോഴത്തെ ഭേദഗതിയില്‍, പ്രത്യക്ഷത്തില്‍ വലിയൊരു ഔദാര്യം, ഇളവ്, സഹായം എന്നൊക്കെ തോന്നാവുന്ന ഈ ഭേദഗതിയില്‍ രണ്ട് പ്രത്യേകതിരഞ്ഞെടുപ്പുകള്‍ നടത്തിയിട്ടുണ്ട് എന്നതാണ് കാര്യത്തില്‍ ഒളിഞ്ഞിരിക്കുന്ന അസത്യം.
2014 ഡിസംബര്‍ 31 നോ അതിന് മുന്‍പോ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്‍ഡ്യയില്‍ കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജയിന്‍, പാര്‍സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് 1946 ലെ ഫോറിനേഴ്സ് ആക്ടിന്‍റെ പരിധിയില്‍ പെടാതെ പൗരത്വാവകാശത്തിന പേക്ഷിക്കാം എന്നാണ് ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ ഈ നിയമത്തിന്‍റെ ഉള്ളടക്കം. എന്നാല്‍ ഇതുയര്‍ത്തുന്ന ഭരണഘടനാപരവും രാഷ്ട്രീയവും അന്തര്‍ദേശീയവും ധാര്‍മ്മീകവും മതപരവും ഒക്കെ ആയ ഗൗരവതരമായ അനേക ചോദ്യങ്ങള്‍ ഉണ്ട് എന്നതാണ് വിഷയം. ഇവയെല്ലാം ഒരു ചെറുലേഖനത്തില്‍ ഉള്‍പ്പെടുത്തുക അസാദ്ധ്യം. പ്രധാനമായും ഉന്നയിക്കപ്പെട്ട രണ്ട് ചേദ്യങ്ങളാണുള്ളത്. ഒന്നാമത് ഏതെല്ലാം മാനദണ്ഡങ്ങളാണ് ഈ മൂന്ന് രാജ്യങ്ങളെ തിരഞ്ഞെടുക്കുന്നതിന് അവലംബിച്ചിട്ടുള്ളത്? രണ്ടാമതായി എന്തുകൊണ്ടാണ് മതാടിസ്ഥാനത്തില്‍ അഭയാര്‍ത്ഥികളെ പരിഗണിക്കാന്‍ തീരുമാനിച്ചത്, അതും ഒരു പ്രബല മതവിഭാഗത്തെ ഒഴിവാക്കിക്കൊണ്ട്? ഇവിടെയാണ് ഈ വിഷയത്തിലെ സത്യാനന്തര രാഷ്ട്രീയ നിലപാട് പ്രകടമാകുന്നത്. അന്യദേശകുടിയേറ്റക്കാരെ 12 വര്‍ഷം എന്ന ദീര്‍ഘമായ കാലയളവില്‍ നിന്നൊഴിവാക്കി 5 വര്‍ഷമാക്കിചുരുക്കിസഹായിക്കുന്നു എന്ന ഭാവവും പേരെടുത്തുപറഞ്ഞിരിക്കുന്ന രാജ്യങ്ങള്‍ മുസ്ലീം ഭരണം നിലനില്‍ക്കുന്ന രാജ്യങ്ങളാണ് എന്നും, അതുകൊണ്ട് അവിടെ പീഡിപ്പിക്കപ്പെടാന്‍ ഇടയാകുന്നത് പേരെടുത്ത് പറഞ്ഞിരിക്കുന്ന മതവിഭാഗങ്ങള്‍ മാത്രമായിരിക്കും, അവര്‍ക്കാണ് സംരക്ഷണം ലഭിക്കേണ്ടത് എന്നും നിര്‍ദ്ദേശിക്കുന്ന നിഷ്ക്കളങ്ക സത്യങ്ങളുള്‍ക്കൊള്ളുന്ന ബില്ലായിട്ടാണ് ഇത് അവതരിപ്പിക്കപ്പെട്ടത്.
ഈ അവകാശവാദത്തിന്‍റെ പശ്ചാത്തലത്തില്‍ഒന്നാമത്തെ ചോദ്യത്തില്‍ നിന്ന്തുടങ്ങാം. ഈ മൂന്ന് രാഷ്ട്രങ്ങളെ തിരഞ്ഞെ ടുത്തത് സദുദ്ദേശത്തോടെ ആണ് എന്ന് ഞാന്‍ കരുതുന്നില്ല. ഭാരതവുമായിഅതിര്‍ത്തി പങ്കിടുന്നതും ഏതെങ്കിലും വിധത്തില്‍ പീഢനം അനുഭവിക്കുന്നതുമായ ജനവിഭാഗങ്ങളുള്ള ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മാര്‍, ചൈന തുടങ്ങിയരാജ്യങ്ങളെ മനഃപൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നു (ലിസ്റ്റിലുള്ള അഫ്ഗാനി സ്ഥാനുമായി ഭാരതം നേരിട്ട് അതിര്‍ത്തി പങ്കിടുന്നില്ല, പാക് അധിനിവേശ കാശ്മീരുമായിട്ടാണ് അതിര്‍ത്തി. മ്യാന്‍മാറില്‍ നിന്നുള്ള റോഗിന്‍ഗന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാനും മുതിരുന്നു). ഇവിടങ്ങളില്‍ നിന്ന് ഹിന്ദുക്കള്‍ അധികമായി അഭയാര്‍ത്ഥികളായി വരാന്‍ സാധ്യതകുറവാണ്, നിര്‍ദ്ദേശിക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നും ഹിന്ദുക്കളാണ് വരാന്‍ കൂടുതല്‍ സാധ്യത എന്നും പരിഗണിക്കുമ്പോള്‍ ഹൈന്ദവ മതാനുയായികള്‍ക്ക് വര്‍ദ്ധിച്ച തോതില്‍ അഭയം ഒരുക്കാനുള്ള പദ്ധതിയാണ് ഇതിന്‍റെ പിന്നിലുള്ളത് എന്ന് ആരോപിക്കുന്നവരെകുറ്റം പറയാന്‍ കഴി യില്ല. പീഡനം എന്നതു മതത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ ആകാവൂ എന്നില്ല; രാഷ്ട്രീയം, സാമൂഹികം, ഗോത്രപരം, സാമ്പ ത്തികം, മതങ്ങള്‍ക്കകത്തെ തന്നെ ഉപവിഭാഗങ്ങള്‍ എന്നിങ്ങനെ ഒക്കെ ആകാം. അങ്ങനെ നോക്കുമ്പോഴും ഈ തെരഞ്ഞെടുപ്പ് ശുദ്ധ മനസ്സോടെ ആണോ എന്ന് സംശയിക്കേണ്ടി വരുന്നു. ഒരുമത നിരപേക്ഷ, ബഹുസ്വര റിപ്പബ്ലിക്കായ ഭാരതത്തിന് ഇങ്ങനെ ഒരു വിവേചനം സാദ്ധ്യമാണോ എന്ന ചോദ്യം ഇവിടെ ഉന്നയിക്ക പ്പെടുന്നു. ഈ രാജ്യങ്ങളില്‍ മുസ്ലീമുകളില്‍ തന്നെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉണ്ട് എന്നതും അവരും ഇവിടങ്ങളില്‍ പീഡിപ്പിക്ക പ്പെടുന്നുണ്ട് എന്നതും എന്തുകൊണ്ടാണ് ശ്രദ്ധിക്കാത്തത് എന്ന് ചോദിച്ചാല്‍ നമുക്ക് ലഭിക്കുന്ന ഉത്തരംമുകളില്‍ പറഞ്ഞ ഏകധ്രൂവലക്ഷ്യം തന്നെ എന്ന് ബോധ്യമാകും.
രണ്ടാമത്തെ ചോദ്യംതിരഞ്ഞെടുക്കപ്പെട്ട മതസമൂഹങ്ങളെ സംബന്ധിച്ചുള്ളതാണ്. ഭാരത പൗരത്വത്തിന് മതം ഒരു പരിഗണനാ വിഷയ മാണോ എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം. ഭാരതത്തിന്‍റെ രാഷ്ട്രീയ സ്വഭാവം പരിഗണിക്കു മ്പോള്‍ ഇതാണ് കൂടുതല്‍ ഗൗരവമേറിയവിഷയം. ഭാരതം ഒരുമതനിരപേക്ഷ രാജ്യമാണ്.
എല്ലാമതാനുയായികള്‍ക്കും മതമില്ലാത്ത വര്‍ക്കും തുല്യഅവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നതാണ് നമ്മുടെ ഭരണഘടന. മതനിരപേക്ഷ രാജ്യത്ത് മതത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക പരിഗണന ആര്‍ക്കെങ്കിലും ഏതെങ്കിലും കാര്യത്തിന് നല്‍കു ന്നത് തെറ്റായ നടപടിയാണ്, അത് പൗരന്മാരല്ലാത്ത വരുടെ കാര്യത്തിലായാല്‍ പോലും. ഭാരതത്തിന്‍റെ ഭരണഘടന ആര്‍ട്ടിക്കിള്‍ 14 അനുസരിച്ച് ഭാരത ത്തിന്‍റെ അതിര്‍ത്തിക്കുള്ളില്‍ തുല്യഅവകാശവും, തുല്യസംരക്ഷണവും ഒരുവ്യക്തിക്കും നിഷേധിച്ചു കൂടാ. ഇവിടെ പൗരത്വത്തിന് അപേക്ഷിക്കുന്നത് ഇന്‍ഡ്യയില്‍ അഭയാര്‍ത്ഥികളായി കുടിയേറി താമ സിക്കുന്നവരാണ്. അവര്‍ ഇന്‍ഡ്യന്‍ അതിര്‍ത്തി ക്കുള്ളിലുള്ള തുല്യ സംരക്ഷണവും അവകാശവും അര്‍ഹിക്കുന്നവരുമാണ്, ഈ ഭരണഘടന വകുപ്പ് പ്രകാരം. ഈ സാഹചര്യത്തിലാണ് പുതിയ ഭരണഘടനാ ഭേദഗതിയില്‍ ഒരുമതവിഭാഗത്തെ ഒഴിവാക്കിയത് പരിശോധിക്കേണ്ടിവരുന്നത്.
ഭരണകക്ഷികളുടെ ആരാധ്യപുരുഷനുംകൂടെ ആയ സ്വാതന്ത്ര്യസമര നേതാവും ഭരണഘടനാ നിര്‍മ്മാതാക്കളില്‍ ഒരാളുമായ സര്‍ദാര്‍വല്ലഭായി പട്ടേല്‍, പ്രഥമആഭ്യന്തര മന്ത്രി, കോണ്‍സ്റ്റിറ്റുവന്‍റ് അസംബ്ലിയില്‍ പറഞ്ഞതിന് കടക വിരുദ്ധമാണിത.് അദ്ദേഹം പറഞ്ഞു: “സമുചിതമായമാനദണ്ഡ ങ്ങളുടെ അടിസ്ഥാനത്തി ലുള്ള പൗരത്വ നിര്‍ണ്ണയം സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും”. ഇന്‍ഡ്യാ വിഭജനത്തെ അനുകൂലിക്കാതെ, ഇവിടെ കൂടുതല്‍ സ്വാതന്ത്ര്യവും സുരക്ഷിതത്വവും ലഭിക്കും എന്നും കൂടെ കരുതി, ഭാരതത്തില്‍ കഴിയാന്‍ തീരുമാനിച്ച മുസ്ലീമുകള്‍ ഗുജറാത്ത് കലാപം വരെ എങ്കിലും ഈ രാജ്യത്ത് സുരക്ഷിതരായി കഴിഞ്ഞതാണ്. ആര്‍.എസ്സ്.എസ്സ്. സ്ഥാപകനായ വിനായക് ദേശ് മുഖ് സവര്‍ക്കറുടെ “നാം അഥവാ നമ്മുടെ ദേശീയത നിര്‍വ്വചിക്കപ്പെടുന്നു” എന്ന ഗ്രന്ഥത്തിലെ പരാമര്‍ശം ഈ പശ്ചാത്തലത്തില്‍ പരിഗണി ക്കേണ്ടതാണ്. “ഹൈന്ദവരല്ലാത്ത എല്ലാവരും രാജ്യത്തിന് പുറത്താകും, അല്ലെങ്കില്‍ ഹിന്ദുക്ക ളുടെ ഔദാര്യത്തില്‍ ഇവിടെ ജീവിക്കേണ്ടിവരും എന്നാണ് അതില്‍ അദ്ദേഹം പറയുന്നത്(പേജ് 46). ഇപ്പോള്‍ ക്രൈസ്തവ മതാനുയായികളെ ഈ നിയമഭേദഗതിയില്‍ ഉള്‍പ്പെടുത്തിയി ട്ടുണ്ട് എങ്കിലും ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമില്ലാത്തിടങ്ങളില്‍ അവര്‍ക്കെതിരെ നടത്തിയ അനേക അതിക്രമങ്ങളില്‍ ഒന്നിനെ ങ്കിലും ഞാന്‍ ദൃക്സാക്ഷിയാണ്. 2007 ഡിസംബര്‍ -2008 ജനുവരി കാലത്ത് ഒഡീഷയിലെ ഖാണ്ഡമാല്‍ ജില്ലയില്‍ ക്രിസ് ത്യാനികള്‍ക്കെതിരെ സംഘപരിവാര്‍ സേനയുടെ നേതൃത്വ ത്തില്‍ നടന്ന അതിക്രമങ്ങളുടെ ശേഷിപ്പുകളായ അഗ്നിക്കിര യാക്കിയ വീടുകളെയും, പള്ളികളെയുംആട്ടിഓടിക്കപ്പെട്ട ക്രൈസ്തവരെയും ഞാന്‍ നേരില്‍കണ്ടതാണ് (ബംഗാളില്‍ ബിജെപി. ആര്‍.എസ്സ്.എസ്സ്. അക്രമി സംഘം ഒരു ക്രിസ്ത്യന്‍ പള്ളിഅടിച്ചുതകര്‍ത്തുഎന്ന് 2019 വര്‍ഷാവസാന വാര്‍ത്ത). സത്യാനന്തര രാഷ്ട്രീയ നിലപാടിന്‍റെ മുഖം തന്നെയാണ് ഇതില്‍ വ്യക്തമാകുന്നത്. പ്രത്യക്ഷത്തില്‍ ചിലര്‍ക്ക് സംരക്ഷണം നല്‍കണം എന്ന് അവകാശപ്പെടുമ്പോഴും പക്ഷെ അനുഭവ ത്തില്‍ കാര്യങ്ങള്‍ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്ന് മനസ്സിലാക്കാന്‍ അധികം ബുദ്ധി ഒന്നും ആവശ്യമില്ല.
സവര്‍ക്കറുടെ മുന്‍ പ്രസ്താവന സാവകാശം നടപ്പാകു മ്പോള്‍ പുറത്ത് നിന്ന് പരമാവധി ഹിന്ദുക്കളെ നാട്ടില്‍ എത്തിക്കുക, അതേസമയം ഇതര സമുദായങ്ങളെ ഓരോന്നോരോന്നായി പുറത്താക്കുക എന്നതുതന്നെ പദ്ധതി. പക്ഷെ അക്കാര്യം ഒറ്റയ ടിക്ക് പച്ചയായി പറയില്ല എന്ന് മാത്രം. ഇവിടെ ഹിന്ദുക്കള്‍ എന്നു പറയുമ്പോഴും സവര്‍ണ്ണ ഹിന്ദുക്കള്‍ ഒഴിച്ചുള്ളതെല്ലാം പുറത്താക്കാം എന്ന് ഇപ്പോള്‍ നടക്കുന്ന പശുവിനെ ആധാരമാക്കിയുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, വിവിധ സംസ്ഥാനങ്ങളില്‍ ദളിതര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഒക്കെ നമുക്ക് സാക്ഷ്യം നല്‍കുന്നു. ആരുടെയും പൗരത്വം റദ്ദാവില്ല എന്ന് ഷിംലയില്‍ പ്രസംഗിക്കവേ. ആഭ്യന്തരമന്ത്രി പറയുന്നു. അങ്ങനെ അല്ല, പൗരത്വ നിയമം ഇന്‍ഡ്യയിലെ മുസ്ലീങ്ങളെ ബാധിക്കും എന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ അമേരിക്കന്‍ കോണ്‍ഗ്രസിന്‍റെ സ്വതന്ത്ര അന്വേഷണ ശാഖയായ സി.ആര്‍.എസ്. വിലയിരുത്തുന്നു. ഈ സാഹചര്യ ത്തില്‍ ചേര്‍ത്ത് ചിന്തിക്കേണ്ട വിഷയമാണ് മുന്‍ പരാമര്‍ശിച്ച ദേശീയ പൗരത്വരജിസ്റ്റര്‍ തയാറാക്കാന്‍ എടുത്തിട്ടുള്ള തീരുമാനം. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവരും എന്നാല്‍ ഇപ്പോള്‍ പാസാക്കിയിട്ടുള്ള നിയമത്തിന്‍റെ അടിസ്ഥാന ത്തില്‍ പൗരത്വത്തിന് അവകാശമില്ലാത്തവരുമായ എല്ലാവ രേയും ഒഴി വാക്കി പൗരത്വരജിസ്റ്റര്‍ ഉണ്ടാക്കുമ്പോള്‍ കോടിക്ക ണക്കിന് ആളുകളെരാജ്യത്ത് നിന്നും പുറത്താക്കാന്‍ സര്‍ക്കാരിന് സാധിക്കും. പുറത്താക്കുന്നവരെ പുറത്താക്കു ന്നതുവരെ താമസിപ്പിക്കാനാണ് തടവറകള്‍ നിര്‍മ്മിക്കാന്‍ ഏപ്രിലില്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കു ന്നത്. ഇത് എളുപ്പമായ ഒരു കാര്യമാണ് എന്നുകരുതേണ്ട. 2019 ഓഗസ്റ്റ് 31 ന് അവസാനിച്ച 3.09 കോടി ജനം മാത്രം വസിക്കുന്ന ആസാമിലെ പൗരത്വകണക്കെടുപ്പിന് 7836 കോടിരൂപയാണ് ചെലവായത്, പത്തു വര്‍ഷം നീണ്ടുനിന്ന ഈ പ്രക്രി യക്ക് 55000 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് വേണ്ടിവന്നത്. അപ്പോള്‍ 133.92 കോടി ജനം വസിക്കുന്ന ഭാരതത്തിലെ മുഴുവന്‍ പൗരത്വകണക്കെടുപ്പ് കഴിയു മ്പോള്‍ ഇപ്പോള്‍ തന്നെ ദരിദ്രമായ സാമ്പത്തികാവസ്ഥയുള്ള ഈ നാട് ഏതവസ്ഥയില്‍ ആകും എന്ന് ചിന്തിക്കാവു ന്നതാണ്. അസാമിലെ പൗരത്വകണക്കെടു പ്പില്‍ സംസ്ഥാ നത്തെ താമസക്കാരില്‍ 13 ശതമാനം പേര്‍ക്കും രജിസ്റ്ററില്‍ കടന്നു കൂടാന്‍ കഴിഞ്ഞില്ല. ഇത്തരം ഒരു രജിസ്റ്റര്‍ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാക്കിക്കഴിയു മ്പോള്‍ അതിന്‍റെ ചെലവ്, ഉദ്യോഗസ്ഥരുടെ എണ്ണം, പുറ ത്താക്കപ്പെടുന്നവരുടെ എണ്ണം, ഇവയുണ്ടാക്കുന്ന സാമ്പ ത്തിക ഭാരം, സാംസ്ക്കാരിക പ്രശ്നങ്ങള്‍, വികസന ത്തിന്‍റെ തലത്തിലുണ്ടാകുന്ന പ്രതിസന്ധി, മറ്റനേക പ്രശ്നങ്ങള്‍ ഒക്കെ പരിഗണിച്ചാല്‍ ഇത് നോട്ട് പിന്‍വലിക്ക ലിനേക്കാള്‍ വലിയ പ്രതിസന്ധി ആയിരിക്കും രാജ്യത്തു ണ്ടാക്കുക എന്ന് ഏതൊരാള്‍ക്കും ഊഹിക്കാവുന്നതാണ്. എന്നാല്‍കേന്ദ്ര സര്‍ക്കാര്‍ അതിനും തുനിഞ്ഞിറങ്ങി യിരിക്കുന്നു എന്നത് ഭീതി ഉയര്‍ത്തുന്ന കാര്യമാണ്.
ഇതിനിടക്ക് എന്‍.ആര്‍.സി.അല്ല, എന്‍.പി.ആര്‍ ആണ് നടപ്പാക്കാന്‍ പോകുന്നത് എന്ന് അധികാരികള്‍ പറയുന്നു. പക്ഷെ അത് വെറും ജനസംഖ്യാകണക്കെടുപ്പാവില്ല, പുതിയ പല ചോദ്യങ്ങളും ഉള്‍പ്പെടുത്തി എന്‍.ആര്‍.സി. സ്വഭാവത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തിയതാകും എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഒന്നും തെളിച്ച് പറയാതെ ഗൂഢമായി അജണ്ട നടപ്പാകുന്ന ശൈലിതന്നെ ഇവിടെയും പിന്തുടരും എന്നാണ് ഞാന്‍ മനസിലാ ക്കുന്നത്. തീവ്രവാദം അവസാനിപ്പിക്കാനും ആഭ്യന്തര സുരക്ഷിതത്വം ഉറപ്പാക്കാനും കൂടിയാണ് ഈ നടപടി എന്നൊ രപവാദവുമുണ്ട്. ഭാരതത്തില്‍ തീവ്രവാദം അവസാനിപ്പി ക്കാന്‍ നടപ്പാക്കിയനോട്ട് നിരോധനം ഫലം കണ്ടില്ല എന്ന സമ്മതമല്ലേ അതിലുള്ളത്? അതോടൊപ്പം ഭാരതത്തില്‍ തീവ്രവാദികള്‍ എത്തുന്നത് പുറത്തുനിന്നല്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഈ നിയമഭേദഗതി ഇപ്പോള്‍ രാഷ്ട്രം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ തന്ത്രം ആണ്എന്നും വാര്‍ത്തകളുണ്ട്. ഡിസംബര്‍ അവസാനം അന്തര്‍ദേശീയ നാണ്യനിധി പുറപ്പെടുവിച്ച റിപ്പോര്‍ട്ട് രാജ്യം അതീവ ഗൗരവതരമായ സാമ്പത്തിക മാന്ദ്യത്തിലാണ് എന്നും അതില്‍ നിന്നും അടുത്ത കാല ത്തൊന്നും കരകയറാന്‍ ഇടയില്ല എന്നും ചൂണ്ടിക്കാണിച്ചു. (എന്നാല്‍ ബ. കേന്ദ്ര ധനകാര്യമന്ത്രി, ഇവിടെ ഒരു സാമ്പ ത്തിക പ്രതിസന്ധിയും ഇല്ല എന്ന് ആണയിട്ട് പറയുന്നു മുണ്ട്. അത് മറ്റൊരു സത്യാനന്തര രാഷ്ട്രീയ നിലപാട്!). 2018 ജൂലൈ മുതല്‍ വ്യക്തമായി താഴോട്ട് പതിച്ച വളര്‍ച്ചാനിരക്ക് അന്നത്തെ 8 ല്‍ നിന്ന് ഡിസംബറില്‍ 4.5 ല്‍ എത്തി നില്‍ക്കും. ഇതിന്‍റെ പ്രധാന കാരണം നോട്ട് നിരോധനം തന്നെ എന്നു സാമ്പത്തിക വിദഗ്ധര്‍ പറയുമ്പോള്‍ സമാനമായുള്ള മണ്ടന്‍ പദ്ധതികള്‍ ആവര്‍ ത്തിക്കുന്ന സര്‍ക്കാരിന്‍റെ പുതിയ പൗരത്വനിയമ ഭേദ ഗതിയെ എങ്ങനെ സമീപിക്കണം എന്നു നാളെയെക്കുറിച്ച് സ്വപ്നം കാണുന്ന ബഹുജനങ്ങള്‍ തീരുമാനിക്കേണ്ടതുണ്ട്.
ഇക്കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്ക് നോക്കിയാല്‍ ഈ രാജ്യത്തെ പാപ്പരാക്കുന്നതില്‍ രണ്ടാമതൊരു പ്രധാന പങ്ക് വഹിച്ചത് വമ്പന്‍ മുതലാളിമാര്‍ വിദേശത്തേക്ക് കടത്തുകയോ, ബാങ്കുകളെ കവരുകയോ ചെയ്ത ലക്ഷം കോടികള്‍ മൂലമാണ് എന്നും കാണാം. അക്കാര്യത്തില്‍, ഏറെ ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് ആയിട്ടില്ല എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. അതേസമയം പ്രതിമകള്‍ നിര്‍മ്മിക്കാന്‍ ചെലവഴിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ലാതാവാം. അദാനി, അംബാനിമാരുടെ ലാഭവും സ്വത്തും ദിനംതോറും പെരുകുന്നു. സേവന മേഖലകളിലെ കുത്തക വല്‍ക്കരണവും, പൊതുമേഖലകള്‍ സ്വകാര്യ കമ്പനികള്‍ക്ക് തുശ്ചവിലക്ക് തീറെഴുതി നല്‍കുന്നതും തടസ്സം കൂടാതെ തുടരുകയും ചെയ്യും.
ഈ നിയമത്തിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുണ്ടായ പ്രതിഷേധത്തിന്‍റെ കാരണം കൂടെ അന്വേഷിക്കേണ്ടതുണ്ട്. ആ ഭൂപ്രദേശം ഭാഷാപരമായും ഗോത്രപരമായും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. അവിടേയ്ക്ക് പ്രത്യേകിച്ച് ആസാമിലേക്ക് ധാരാളം ഹിന്ദുക്കള്‍ അഭയാര്‍ത്ഥികളായി എത്തി താമസി ക്കുന്നുണ്ട്. ബ. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ആസാമില്‍ നടന്ന പൗരത്വ നിര്‍ണ്ണയകണക്കെടുപ്പില്‍ പുറത്തായവരില്‍ ബഹു ഭൂരിപക്ഷവും (ആകെയുള്ള 19 ല്‍ 12 മുതല്‍ 14 ലക്ഷംവരെ) ഹിന്ദുക്കളാണ്. ഇവരെ സംരക്ഷിക്കാം ആസാമില്‍ നിലനിര്‍ ത്താനുള്ള തന്ത്രമാണ് ഇത് എന്നും ആരോപണമുണ്ട്. അവരുടെ സാന്നിദ്ധ്യം തങ്ങളുടെ ഭാഷയേയും തനത് ഗോത്രഭാവങ്ങളെയും കലര്‍പ്പുള്ളതും വ്യത്യ സ്ഥവും ആക്കും എന്നു ആ നാട്ടുകാര്‍ ഭയപ്പെടുന്നു. ഇത് അവരെ സംബന്ധി ച്ചിടത്തോളം സ്വത്വനാശത്തിന് വഴിവെയ്ക്കും എന്ന വാദത്തില്‍ കഴമ്പില്ല എന്നു പറയാന്‍ കഴിയില്ല. അവരുടെ പ്രത്യേകതകള്‍ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ള ഭരണഘടനയുടെ 371 -ാം ആര്‍ട്ടിക്കിള്‍ ഈ പ്രദേശങ്ങളില്‍ പ്രവേശിക്കുക, ജോലി നേടുക, സ്ഥലം വാങ്ങുക തുടങ്ങിയ കാര്യങ്ങളില്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നവയാണ്. ഇപ്പോഴത്തെ നിയമഭേദഗതിയാല്‍ ഈ അവകാശങ്ങള്‍ പ്രായോഗികമായി അപ്രസക്തം ആകും എന്നാണവിടെ വാദം. മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യങ്ങളിലെ ഹിന്ദുക്കള്‍ക്ക് ഭാരതത്തിലേക്ക് വരാം, 2014 ന് മുന്‍പേ ഇവിടുണ്ടായിരുന്നു എന്നു ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രേഖ ഉണ്ടാക്കി പൗരത്വം നേടാനും സഹായിക്കും ഈ നിയമഭേദഗതി എന്ന വിമര്‍ശന വുമുണ്ട്. പേരെടുത്ത് പറഞ്ഞി രിക്കുന്ന രാജ്യങ്ങള്‍ക്ക് പ്രതിഷേധിക്കാം. അത് അന്താരാഷ്ട്ര തലത്തില്‍ അനാവശ്യ ശത്രുതസൃഷ്ടി ക്കാന്‍ ഇടവരുത്തും എന്ന വിമര്‍ശനവുമുണ്ട്. അവിടങ്ങളില്‍ പേരെടുത്തു പറയുന്ന മതാനുയായികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട് എന്ന ആരോപണമാണ് ഭാരതം നടത്തുന്നത് എന്നു അന്താരാഷ്ട്ര വേദികളില്‍ അവര്‍ പരാതിപ്പെടാനും സദ്ധ്യത ഉണ്ട്. ഇപ്പോള്‍ തന്നെ ബംഗ്ലാദേശും പാക്കിസ്ഥാനും മത്രമല്ല യു.എ.ഇ. യും ഈ നിയമത്തെ അപലപിച്ചിട്ടുണ്ട്.
ഇതോടൊപ്പം ചിന്തിക്കേണ്ട വിഷയമാണ് പൗരത്വനിയമ ഭേദഗതിക്കെതിരെ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ സ്വഭാവത്തെ അപലപിച്ചുകൊണ്ട് ഭാരതത്തിന്‍റെ കരസേനാ മേധാവി ശ്രീ. ബിപിന്‍ റാവത്ത് നടത്തിയ പ്രസ്താവന. ഭാരതത്തില്‍ മുന്‍പ് ഒരിക്കലും ഉണ്ടാകാത്ത ഒരു പുതിയ പ്രവണതയാണ് സൈന്യം രാഷ്ട്രീയവിഷയങ്ങളില്‍ അഭിപ്രായം പറയുക എന്നത്. ഇതു നല്ലൊരു പ്രവണതയാണ്എന്ന് ഞാന്‍ കരുതുന്നില്ല (ജോലിയില്‍ നിന്ന് വിരമിക്കുന്നതിന്‍റെ പിറ്റേന്ന് സര്‍വ്വസൈന്യാധിപന്‍ എന്ന പുതിയ തസ്തിക സൃഷ്ടിച്ച് അദ്ദേഹത്തിന് അതില്‍ നിയമനം നല്‍കാന്‍ പോകുന്നു. ഉദ്ദിഷ്ഠകാര്യത്തിന് ഉപകാരസ്മരണ!). വീണ്ടും ഈ പ്രക്ഷോഭങ്ങളില്‍ പോലീസ്, അര്‍ദ്ധസൈന്യ ഇടപെടലിനെയും അക്രമങ്ങളെയും പെരുപ്പിച്ച് കാണിച്ച് മുസ്ലീം സമുദായത്തെ പ്രത്യേകമായി പരിഗണിച്ച് കെണ്ടോ ഇവര്‍ കുഴപ്പക്കാരാണ്, അതുകൊണ്ടാണ് ഇവരെ ഒഴിവാക്കി നിയമ ഭേദഗതി സൃഷ്ടിച്ചത് ‘ എന്ന ന്യായീകരണത്തിനും സാധ്യത ഉണ്ട്.
ചുരുക്കി പറഞ്ഞാല്‍ ഭാരതത്തെ ശക്തീകരിക്കുക എന്ന ഭാവത്തോടെ അതിന്‍റെ സ്വത്വസ്വഭാവത്തില്‍ നിന്നും അന്യമാകുന്ന നിയമ ഭേദഗതിയാണ് ഇത് എന്നാണ് ഞാന്‍ കരുതുന്നത്. ഇതാണ്സത്യാനന്തര രാഷ്ട്രീയത്തിന്‍റെ ഭാരതപര്‍വ്വം. ഇതിനെതിരെ ഭാരതം, പ്രത്യേകിച്ച് യുവത്വം ഉണര്‍ന്നിട്ടുണ്ട് എന്നത് എന്നില്‍ ഭാരതത്തിന്‍റെ ആത്മാവിനെക്കുറിച്ചുള്ള വിശ്വാസം ഒന്നുകൂടെ ഉറപ്പിക്കുന്നു. ജാര്‍ഘണ്ഡില്‍ അതിന്‍റെ ലക്ഷണമാണ് ഞാന്‍ കാണുന്നത്.

