എന്റെ ജീവതത്തിലെ അത്ഭുതമെവിടെ?
ഓരോ മനുഷ്യനും നിരന്തരം ചോദിക്കുന്ന ചോദ്യമാണിത്. നോമ്പ് അത്ഭുതത്തിന്റെ ഉറവക്കണ്ണാണ്. വചന വായനയും ഉപവാസ നമസ്‌ക്കാരാദികളും അപര സ്‌നേഹവും അത് തെളിയിച്ചെടുക്കുന്നതിനുള്ള ആയുധങ്ങളാണ്. വചനമെന്ന മോതിരവളയം പരിശുദ്ധാത്മ കൃപയെന്ന നൂലില്‍ കെട്ടിയാണ് ജീവജലമെവിടെയെന്ന സ്ഥാനം നിര്‍ണ്ണയിക്കേണ്ടത്. വെള്ളം കണ്ടെത്തിയാല്‍ മുട്ടോളവും അരയോളവുമല്ല ജീവജല നദിയില്‍ മുങ്ങിനിവരാം. ആത്മാവിന്റെ പൂനര്‍ജ്ജനി നൂഴാം.ഇതാണ് മനുഷ്യജീവിതത്തിലെ നിഗൂഢമായ അത്ഭുതം. സകല ജീവജാതികളും സ്‌നാനം ചെയ്യും. ആനകള്‍ പൂഴിയിലും പക്ഷികള്‍ മഴയില്‍ കുതര്‍ന്ന് ചിറക് കോതി വെയിലിലും ഉണക്കുന്നു. കഴുകന്‍ മലമുകളിലെ പാറക്കെട്ടിലിരുന്ന് തൂവല്‍കൊഴിച്ച് പാറയില്‍ കൊക്കുരച്ച് മൂര്‍ച്ച വരുത്തുന്നു. നെറ്റിയില്‍ മാണിക്യം പത്തിയില്‍ വരയും വായില്‍ വിഷവുമുള്ള പാമ്പും പടം പൊഴിച്ച് പുതുക്കുന്നു എങ്കില്‍ മനുഷ്യന്‍ എത്രമാത്രം പുതുക്കപ്പെടണം?നയമാന്‍ പരാക്രമശാലിയെങ്കിലും കുഷ്ഠരോഗിയായിരുന്നു (2 രാജാ. 5:13) യോര്‍ദ്ദാനില്‍ ഏഴ് പ്രാവശ്യം ‘കുളിച്ച് ശുദ്ധനാവുക’ എന്നതായിരുന്നു എലീശയുടെ ചികിത്സാവിധി. ആദ്യം നയമാന് ഈര്‍ഷ്യ തോന്നി. എന്നാല്‍ അദ്ദേഹത്തിന്റെ വേലക്കാര്‍ പ്രചോദിപ്പിച്ച് ദൈവപുരുഷന്റെ അടുത്തേക്ക് പറഞ്ഞയച്ചു. എലീശയെക്കുറിച്ചുള്ള വിവരം നല്‍കിയതും ഒരു വേലക്കാരി പെണ്‍കുട്ടിയാണല്ലോ. യജമാനനേക്കാള്‍ ബോധമുള്ള വേലക്കാരും ഉണ്ട്. നയമാന്‍ വേലക്കാരുടെ സുവിശേഷം കേട്ടിടത്തുനിന്ന് സൗഖ്യം തുടങ്ങി. സ്‌നാനശേഷം നയമാന്റെ ദേഹം ഒരു ചെറിയ ബാലന്റെ ദേഹം പോലെയായി; ശുദ്ധനായിത്തീര്‍ന്നു. നോമ്പും ആദി നൈര്‍മ്മല്യത്തിലേക്കുള്ള മടക്കമാണ്.
(2026 ഫെബ്രുവരി ലക്കം)

