Home From His Holinessമഹാപുരോഹിത സന്ദേശം

മഹാപുരോഹിത സന്ദേശം

by malankara
516 views

മഹാപുരോഹിത സന്ദേശം

പ. ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ





ഇന്ത്യ ഒരു ഏകശബ്ദ രാഷ്ട്രമല്ല; ഭാഷകളുടെ, സംസ്‌കാരങ്ങളു ടെ, മതങ്ങളുടെ, ജീവിതരീതികളുടെ വൈവിധ്യം ചേര്‍ന്ന് രൂപപ്പെട്ട ഒരു മഹത്തായ സഹവര്‍ത്തിത്വത്തിന്റെ ചരിത്രമാണ് നമ്മുടെ നാട് വഹിക്കുന്നത്. ഈ ബഹുസ്വരത തന്നെയാണ് നമ്മുടെ ശക്തിയും സൗന്ദര്യവും. എന്നാല്‍ ഇന്ന് വ്യത്യാസങ്ങളെ ഭീഷണിയായി കാണുന്ന മനോഭാവവും ഏകത എന്നത് ഏക രൂപം ആക്കി മാറ്റുകയാണ് എന്ന ചിന്തയും ചരിത്രപരമായി ഭാരതത്തെ താങ്ങിനി ര്‍ത്തിയ മൂല്യങ്ങള്‍ക്ക് വെല്ലുവിളിയാകുന്നു. ഐക്യം എന്നത് ഒരേപോലെയാകല്‍ അല്ല; മറിച്ച് വ്യത്യസ്തതകളെ ആദരിച്ചുകൊണ്ട് ഒരുമിച്ച് നില്‍ക്കുക എന്നുള്ളതാണ്. വ്യത്യസ്ത അവയവങ്ങള്‍ ഇല്ലാതെ ശരീരം നിലനില്‍ക്കില്ല. അതുപോലെ, വ്യത്യസ്ത സംസ്‌കാരങ്ങളും വിശ്വാസങ്ങളും ഇല്ലാതെ ഭാരതത്തിന്റെ ആത്മാവും നിലനില്‍ക്കില്ല.അധികാരത്തിന്റെയോ ഭൂരിപക്ഷത്തിന്റെയോ ബലത്തില്‍ എന്തും ചെയ്യുന്നത് ധാര്‍മികതയല്ല. ദുര്‍ബലന്റെ ശബ്ദം കൂടി കേള്‍ക്കാനുള്ള മനസ്സ് ഉണ്ടാവുക എന്നതാണ് പ്രധാനം. ഈ നാട് എല്ലാകാലവും ”ലോകാ സമസ്താ സുഖിനോ ഭവന്തു” എന്ന പ്രാര്‍ത്ഥനയിലാണ് വേരൂന്നിയത്. അത് ഒരേ രീതിയില്‍ ചിന്തിക്കണമെന്ന നിര്‍ബന്ധമല്ല, മറിച്ച് എല്ലാവര്‍ക്കും അവരുടെ വ്യത്യസ്തതകളോടെ സുരക്ഷിതമായി സുഖമോടെ ജീവിക്കുവാന്‍ സാധിക്കണമേ എന്ന ചിന്തയില്‍ അടിസ്ഥാനപ്പെട്ടതാണ്. വൈവിധ്യം അടിച്ചമര്‍ത്തിയ സമൂഹങ്ങളും ഭരണകൂടങ്ങളും ദീര്‍ഘകാലം നിലനിന്നിട്ടില്ല; എന്നാല്‍ ബഹുസ്വരതയെ ആലിംഗനം ചെയ്ത സംസ്‌കാരങ്ങള്‍ മനുഷ്യരാശിക്ക് വെളിച്ചമായി മാറിയിട്ടുണ്ട്. ഈ നാട് എല്ലാവരുടേതും കൂടിയാണ്. ആരാണ് പ്രഥമഗണിനീയന്‍? ആരാണ് ഒടുക്കത്തേത്? എന്നീ വേര്‍തിരിവുകള്‍ ഒരുകാലത്തേക്കും ആവശ്യമില്ലാത്തത് തന്നെയാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ഭാഷ വിശ്വാസാചാരങ്ങള്‍ എന്നിവയിലെല്ലാം നാം കടമെടുത്തിട്ടുള്ളതും ഉള്‍ക്കൊണ്ടിട്ടുള്ളതും രൂപപ്പെടുത്തിയതുമായ എത്രയോ ദേശ സംസ്‌കാരങ്ങള്‍ ഇഴപിരിച്ചെടുക്കുവാന്‍ സാധ്യമാകാത്ത വിധം അന്തര്‍ലീനമായി രിക്കുന്നു. ഇതിനെ ഇഴപിരിച്ചെടുക്കുവാന്‍ ശ്രമിക്കുന്നത് തന്നെ അന്തസാര ശൂന്യതയുടെ ലക്ഷണമാണ്. സ്‌നേഹം വറ്റാത്ത തോടുപോലെ ഇന്ത്യയുടെ ഹൃദയാത്മാവില്‍ കൂടി നിലയ്ക്കാതെ ഒഴുകട്ടെ! പരിശുദ്ധ വലിയ നോമ്പിലേക്ക് സഭ പ്രവേശിക്കുകയാണ്. ആത്മശരീര മനസ്സുകളുടെ നിര്‍മ്മലീകരണം നമുക്കും സമസൃഷ്ടികള്‍ക്കും രൂപപ്പെടട്ടെ. ക്രിസ്തുവിന്റെ പരിമളം എന്ന് വിളി ക്കപ്പെടുന്ന പരിശുദ്ധ മൂറോന്‍ കൂദാശയ്ക്കായി സഭ ആകമാനം പ്രാര്‍ത്ഥിച്ച ഒരുങ്ങേണ്ട സമയം കൂടിയാണ് ഈ വര്‍ഷത്തെ നോമ്പുകാലം. ”അവര്‍ കാത്തിരുന്ന് പ്രാര്‍ത്ഥിച്ചു പരിശുദ്ധാത്മാവ് അഗ്‌നിയായി അവരില്‍ ആവസിച്ചു” എന്ന് അപ്പോസ്‌തോല പ്രവര്‍ത്തികളില്‍ വായിക്കുംപ്രകാരം സഭ മുഴുവനും പരിശുദ്ധാത്മാവിന്റെ ആവാസത്താല്‍ ഈ ദിനങ്ങളില്‍ നിറയട്ടെ വിശുദ്ധ മൂറോന്റെ പരിമളം എല്ലായിടങ്ങളിലും നിറയട്ടെ.

മലങ്കരസഭ 2026 ഫെബ്രുവരി ലക്കം

Leave a Comment